attack

നിലമ്പൂർ: ചുങ്കത്തറ അമ്പലപൊയിലിൽ കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മദ്ധ്യവയസ്‌കൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചുങ്കത്തറ പെരിമ്പിലാവ് ശാന്തകുമാരിയെ (47) ആണ് ഇന്നലെ പുലർച്ചെ നാലരയോടെ കാമുകൻ തരിക്കോട് അഷ്റഫ് (55) വെട്ടിയത്. ശാന്തകുമാരി പശുവിനെ കറക്കുന്നതിനിടെ ഇവിടെ പതിയിരുന്ന അഷ്റഫ് അരിവാൾ കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ശേഷം വീട്ടിലെത്തിയ അഷ്റഫ് വിഷം കഴിച്ചു. ഗുരുതരാവസ്ഥയിൽ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശാന്തകുമാരി അപകടാവസ്ഥ തരണം ചെയ്തെങ്കിലും അഷ്റഫിന് ഇതുവരെ ബോധം വീണ്ടെടുക്കാനായിട്ടില്ല. ഇയാൾക്കെതിരെ പോത്തുകല്ല് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

അവിവാഹിതയായ ശാന്തകുമാരിയും അഷ്റഫും മുപ്പത് വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്നും ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് പോത്തുകല്ല് പൊലീസ് പറഞ്ഞു. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അഷ്റഫിന് ഭാര്യയും മക്കളുമുണ്ട്. ദേഹോപദ്രവത്തെ തുടർന്ന് അഷ്റഫിൽ നിന്ന് ശാന്തകുമാരി അകന്ന് കഴിയുകയായിരുന്നു. വാർഡ് മെമ്പറും മറ്റും ഇടപെട്ട് ഇരുവരുമായും വീട്ടുകാരുമായും സംസാരിച്ച് ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനിടയിൽ അഷ്റഫ് വീണ്ടും ശല്യം ചെയ്തതോടെ ശാന്തകുമാരി ചൊവ്വാഴ്ച പോത്തുകല്ല് പൊലീസിൽ പരാതി നൽകി. ഇതാണ് അഷ്റഫിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.