putin

മോസ്കോ: യുദ്ധം തുടരുന്ന സാഹചര്യത്തിൽ 10,000 ഡോളറിലധികം വിദേശ കറൻസിയുമായി റഷ്യക്കാർ രാജ്യം വിടുന്നത് വിലക്കി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഒരു യുക്രെയിൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇത്‌സംബന്ധിച്ച ഉത്തരവിൽ പുടിൻ ഒപ്പുവച്ചത്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

യുക്രെയിൻ ജനങ്ങളെ ഒഴിപ്പിക്കാനുള്ള റഷ്യൻ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച 1,700ലധികം പേരെ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. മുൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്‌ബർഗിൽ ആയിരത്തോളം പേർ ഒത്തുകൂടിയപ്പോൾ സെൻട്രൽ മോസ്കോയിലെ പുഷ്കിൻ സ്ക്വയറിന് സമീപം ഇതേ രീതിയിൽ ജനങ്ങൾ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 'യുദ്ധം വേണ്ട ' എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്.

ലോകമെമ്പാടുമുള്ള എതിർപ്പുകൾ അവഗണിച്ച് റഷ്യ എട്ടാം ദിവസവും ആക്രമണം തുടരുകയാണ്. റഷ്യൻ വിമാനങ്ങൾ യുദ്ധത്തിനായി വ്യോമാതിർത്തിയിൽ എത്തുന്നത് തടയാൻ അമേരിക്ക കാനഡയുമായി ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. പ്രസംഗത്തിനിടെ പുടിനെ 'സ്വേച്ഛാധിപതി' എന്നാണ് ബൈഡൻ പറഞ്ഞത്. യുക്രെയിൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയിൻ യുദ്ധം കൂടുതൽ ക്രൂരമായ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ പിന്മാറില്ലെന്നാണ് റഷ്യ പറയുന്നത്. നിലവിൽ യുക്രെയിനിലെ ജനവാസ കേന്ദ്രങ്ങളിലും, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകിവിലും ബോംബാക്രമണം നടക്കുകയാണ്.