russia

മോസ്കോ: തന്ത്രങ്ങളുടെ രാജകുമാരനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. എന്താണ് അദ്ദേഹത്തിന്റെ മനസിലെന്ന് അടുപ്പക്കാർക്കുപോലും അറിയില്ല. ചെയ്തുകഴിഞ്ഞ ശേഷമാണ് പുടിന്റെ മനസിൽ എന്തായിരുന്നു എന്ന് അവർ പോലും അറിയുന്നത്. യുക്രെയിൻ യുദ്ധം തന്നെ അത്തരത്തിൽ ഒന്നായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

യുക്രെയിൻ അധിനിവേശത്തിന് പട്ടാളത്തെ അയച്ച പുടിൻ ആദ്യം ചെയ്തത് സ്വന്തം കുടുംബത്തെ ഭദ്രമാക്കുകയായിരുന്നു. സൈബീരിയയിലെ ഒരു ഭൂഗർഭ അറയിൽ അവരെ ഒളിപ്പിച്ചശേഷമാണ് യുക്രെയിനിൽ ആദ്യവെടിപൊട്ടിക്കാൻ അനുവാദം നൽകിയത്. യുക്രെയിനെ രക്ഷിക്കാൻ അമേരിക്ക ഉൾപ്പടെയുള്ള വൻ ശക്തികൾ റഷ്യയിൽ ആക്രമണം നടത്തിയാൽ കുടുംബത്തിന് ഒരുപോറൽ പോലും ഏൽക്കാതിരിക്കാനായിരുന്നു ഇത്. ആണവ ആക്രമണത്തെപ്പോലും അതിജീവിക്കാൻ കഴിയുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള ബങ്കറിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്. ഭൂഗർഭ നഗരം എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

അൽതായ് പർവതനിരകളിലെ അൽതായ്‌സ്കോയ് പോഡ്‌വോറി റിസോർട്ടിലെ വിശാലമായ എസ്റ്റേറ്റിന് താഴെയാണ് ബങ്കർ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ബങ്കർ എവിടെയെന്ന് വ്യക്തമായി അറിയാവുന്നത് പുടിനും ഏറെ അടുപ്പമുള്ള ചിലർക്കും മാത്രമാണ്.

കുടുംബാംഗങ്ങൾ ആരൊക്കെ?

പുടിന്റെ കുടുംബത്തിൽ എത്രപേരുണ്ടെന്നോ അവർ ആരൊക്കെയാണെന്നോ ആർക്കും വലിയ പിടിയില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിച്ച റഷ്യക്കാരിൽ പലരെയും പിന്നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും വ്യക്തതയില്ല. അദ്ദേഹത്തിന് രണ്ട് മക്കളാണുള്ളതെന്നും അതല്ല മൂന്ന് പേരാണെന്നും മൂന്നാമത്തെയാളെ വളരെ രഹസ്യമായാണ് വളർത്തുന്നതെന്നും കഥകളുണ്ട്. ഇക്കാര്യങ്ങളൊക്കെ പുറത്തുവിട്ട ഓൺലൈൻ മാദ്ധ്യമങ്ങളൊക്കെ മണിക്കൂറുകൾക്കകം പൂട്ടിക്കെട്ടുകയും ചെയ്തു.

russia1

മുൻ എയർ ഹോസ്റ്റസായ ല്യുഡ്മില ഷ്ക്രെബ്നേവയായിരുന്നു പുടിന്റെ ഭാര്യ. ഷ്ക്രെബ്നേവയെ 1983ൽ വിവാഹം കഴിച്ച പുടിൻ 2013ൽ വിവാഹമോചിതനാകുകയായിരുന്നു. ഒരു നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും സംയുക്തമായാണ് വിവാഹമോചന വാ‌ർത്ത പുറത്തുവിട്ടത്. തന്റെ തിരക്കേറിയ ജീവിതത്തിനിടെ തമ്മിൽ കാണാൻ പോലും സമയം കിട്ടാറില്ലെന്നും തന്റെ ഭാര്യയും ഒരു വ്യക്തിയായതിനാൽ അവരുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതിനാലാണ് വിവാഹബന്ധം വേർപ്പെടുത്തുന്നതെന്ന് പുടിൻ പറഞ്ഞിരുന്നു.വിവാഹിതരായിരുന്ന സമയത്ത് പോലും ഷ്ക്രെബ്നേവ അധികം പൊതുവേദികളിൽ വരാറില്ലായിരുന്നു. മാദ്ധ്യമങ്ങളിൽ നിന്നെല്ലാം കൃത്യമായ അകലം പാലിക്കാൻ ഷ്ക്രെബ്നേവ ശ്രദ്ധിച്ചിരുന്നു.

ഡോക്ടറും ഡാൻസറും

ഷ്ക്രെബ്നേവയിൽ പുടിന് രണ്ട് പെൺമക്കളുണ്ട്. മരിയ വൊറോണ്ട്സോവയും കാതറീനയും. മൂത്തവളായ മരിയ ഭർത്താവിനൊപ്പം മോസ്കോയിൽ തന്നെയാണ് താമസം. മെഡിസിനിൽ ഗവേഷണം നടത്തുന്ന മരിയയും ഒരിക്കലും പൊതുവേദിയിൽ പിതാവിനൊപ്പം എത്തിയിരുന്നില്ല. മാത്രമല്ല ബന്ധം പരസ്യമാക്കിയിരുന്നുമില്ല. പുടിന്റെ കർശന നിർദ്ദേശമായിരുന്നു ഇതിന് പിന്നിൽ. മരിയയുടെ ഭർത്താവ് ജോറിത്ത് ഫാസൻ ഡെന്മാർക്ക് പൗരനാണ്.

russia2

കാതറീന അറിയപ്പെടുന്ന ഒരു നർത്തകിയാണ്. ഏറെ പ്രശസ്തയായ അക്രോബാറ്റിക് നർത്തകിയാണെങ്കിലും കാതറീന പുടിന്റെ മകളാണെന്ന് ഭൂരിപക്ഷം റഷ്യക്കാർക്കും അറിയില്ല. പുടിന്റെ മകളാണെന്ന് കാതറീനയും ഒരിക്കലും പൊതുവേദിയിൽ സമ്മതിച്ചിരുന്നില്ല. കാതറീന ടിഖോണോവ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതുതന്നെ. ടിഖോണോവ എന്നത് മുത്തശ്ശിയുടെ കുടുംബപേരാണ്. പുടിന്റെ മകളാണ് താനെന്ന് തിരിച്ചറിയാതിരിക്കാനാണ് മുത്തശ്ശിയുടെ കുടുംബപേര് ചേർത്തത്. റഷ്യൻ കോടീശ്വരനായ കിറിൽ ഷമലോവിനെയാണ് കാതറീന വിവാഹം കഴിച്ചത്. പക്ഷേ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 2018 ൽ ഇരുവരും വിവാഹമോചനം നേടി.പുടിന്റെ മകളൊയാണ് താൻ വിവാഹം കഴിച്ചതെന്ന് ഒരിക്കൽപ്പോലും കിറിൽ പുറത്തുപറഞ്ഞിരുന്നില്ല. ജീവനിൽ പേടി ഉള്ളതുകൊണ്ടായിരുന്നു ഇത്.

മൂത്തമകൾ മരിയയ്ക്ക് ഒരു മകളുണ്ട്. പുടിൻ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ കൂടുതൽ പറയാൻ അദ്ദേഹം തയ്യാറായില്ല.

ആരാണ് അലീന കബേവ

russia3

2008 ഏപ്രിലിൽ മാദ്ധ്യമ സ്ഥാപനമായ മോസ്‌കോവ്‌സ്‌കി കോറസ്‌പോണ്ടന്റ്, റഷ്യയുടെ റിഥമിക് ജിംനാസ്റ്റായ അലീന കബേവയും വ്‌ളാഡിമിർ പുടിനും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവന്നയുടൻ പുടിൻ അക്കാര്യം നിഷേധിച്ചു. അത് മാത്രമായിരുന്നില്ല ദിവസങ്ങൾക്കകം പത്രം പൂട്ടിക്കുകയും ചെയ്തു. 2019ൽ കബായേവ രണ്ട് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതായും ഇവർ പുടിന്റെ മക്കളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതല്ല അലീന കബേവ പുടിന്റെ മകളാണെന്നും ചിലർ പറയുന്നു.