soumya-shiju

പാലോട്: ഭർത്താവിനെ യുവതി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നന്ദിയോട് കുറുപുഴ കരിക്കകം എൽപി സ്‌കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു(37) വാണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് ദിവസം മുൻപാണ് ഷിജു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം രാവിലെ സൗമ്യ ഷിജുവിന്റെ ഫോൺ ഒളിപ്പിച്ചുവച്ചിരുന്നു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾ നേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ ഈ ഫോണും കൊണ്ടാണ് യുവതി പോയത്.

ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയോട് ഫോൺ ചോദിച്ചെങ്കിലും കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പത്ത് മിനിട്ടിന് ശേഷം സൗമ്യയും വീട്ടിലെത്തി. ഈ സമയം ഇയാൾ അടുക്കളഭാഗത്തുനിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആരെയാണെന്ന് യുവതി ചോദിച്ചില്ലെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.

തറയിൽ വിരിക്കുന്ന ടൈലുകൊണ്ട് ഷിജുവിന്റെ തലയ്ക്കടിച്ചു. നിലത്തുവീണ ഷിജുവിനെ ടൈൽ കഷണം ഉപയോഗിച്ചും ആക്രമിച്ചു. കൃത്യം നടത്തിയ ശേഷം സൗമ്യ അമ്പലത്തിലേക്ക് പോയി, താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും, തല അറുത്തു മാറ്റി കുഴിച്ചിട്ടെന്നും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു.

സൗമ്യ പറയുന്നത് ആദ്യം ആരും വിശ്വസിച്ചില്ല. എന്നാൽ യുവതിയുടെ ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്നു സംശയം തോന്നി ചെന്നു നോക്കിയപ്പോഴാണ് തല ചിതറി കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഷിജുവും സൗമ്യയും മക്കളും ആരോടും വലിയ അടുപ്പം കാണിക്കാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.