
കൂടെയുള്ളവരെല്ലാം അത്രമേൽ പ്രിയപ്പെട്ടതാണ് മോഹൻലാലിന്. കൂടെ നിൽക്കുന്ന ജോലിക്കാരല്ല അവരാരും അദ്ദേഹത്തിന്, സ്വന്തം കുട്ടികൾക്ക് നൽകുന്ന വാത്സല്യം തന്നെയാണ് ലാൽ പ്രിയപ്പെട്ടവർക്ക് നൽകുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ അനീഷ് ഉപാസന ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മോഹൻലാലിന്റെ മേയ‌്ക്കപ്പ്മാൻ ആയ ലിജു കുമാറിനെ കുറിച്ചുള്ളതാണ് ആ ഹൃദയസ്പർശിയായ കുറിപ്പ്.
'ലാൽ സാറിന്റെ കുട്ടികൾ.. -------------------------
ലിജൂ.... ലാൽ സാർ ഈ നീട്ടിവിളി തുടങ്ങിയിട്ട് വർഷം കുറച്ചായി...സാറിന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ലിജു, ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി കൂടിയാണ്.
സാറിന്റെ നീട്ടിവിളി കേൾക്കുമ്പോൾ പറന്ന് വരുന്ന ലിജു അണ്ണനെ ഞാൻ കാണാൻ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്.അന്ന് മുതൽ ഇന്ന് വരെ സാറിന്റെ നിഴൽ പോലെ ലിജുഅണ്ണൻ ഉണ്ട്.
കൂട്ടത്തിൽ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേൾക്കുന്നത് ലിജു അണ്ണനായിരിക്കും.. "ലിജു..." "റെഡി സാർ..."
അതേ..സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്..അതാണ് ഞാൻ "റെഡി സാർ"എന്ന് പറയുന്നത്.."ലിജു അണ്ണന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു.. മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനിൽ വന്നിറങ്ങുന്നതും കാണാറുണ്ട്..ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കിൽ ഓക്കേ എന്ന് വെയ്ക്കാം..പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും.. പല നാടുകളിൽ..പല കാലാവസ്ഥകളിൽ.. ഇതിനിടയ്ക്കെല്ലാം ലാൽ സാറിനെ കാണാൻ പലരും വരാറുണ്ട്.അവരെയെല്ലാം കൃത്യമായി കെയർ ചെയ്യാനും ലിജു അണ്ണന് അറിയാം.
ഒരിക്കൽ ഞാൻ ലിജു അണ്ണനോട് ചോദിച്ചു..അണ്ണൻ മേക്കപ്പ് ആർട്ടിസ്‌റ്റ് അല്ലേ..?? അപ്പോ എന്നോട് പറഞ്ഞു.."അളിയാ..എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം..അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്..സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല.. അപ്പോഴേക്കും ലാൽ സാറിന്റെ വിളി വന്നു..ലിജൂ... റെഡി സാർ....!
ലിജു അണ്ണൻ പറഞ്ഞത് സത്യമാണ്.. ലാൽ സാറിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട്..എല്ലാവരെയും നോക്കി സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്..എന്തൊരു ചേലാണതിന്.. "എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ സാർ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല...
ഈ കൂട്ടത്തിൽ കുറേ കുട്ടികൾ ഉണ്ട്.. മുരളിയേട്ടൻ..ബിജേഷ്..സജീവ്..റോബിൻ..റോയ്…etc'

പതിനഞ്ച് വർഷത്തിലധികമായി ലിജു കുമാർ മോഹൻലാലിനൊപ്പമുണ്ട്. ചമയംതൊട്ട് ഒരുക്കുന്നയാൾ എന്നതിലുപരി മോഹൻലാൽ ലിജുവിന് തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്. 'ഛോട്ടാമുംബൈ എന്ന സിനിമ മുതലാണ് ഞാൻ സാറിനൊപ്പം വർക്ക് ചെയ്യാൻ തുടങ്ങിയത്. മോഹൻലാൽ എന്ന വ്യക്തി ഇന്ന് എനിക്ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരെയും പോസിറ്റീവ് ആയിട്ട് മാത്രമേ ലാൽ സാർ കണ്ടിട്ടുള്ളൂ. തെറ്റുകൾ കണ്ടാൽ സമാധാനത്തോടെ അത് പറഞ്ഞ് തിരുത്തും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന് അതാണെന്നാണ് എന്റെ വിശ്വാസം. പലപ്പോഴും ഒരു ദൈവികത ലാൽ സാറിൽ കണ്ടിട്ടുണ്ട്. ലാൽ സാർ തന്നിട്ടുള്ള സ്വാതന്ത്ര്യം മനസറിയാതെ പോലും മിസ് യൂസ് ചെയ്യപ്പെടരുതേ എന്നാണ് കൂടെയുള്ള ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന.
എല്ലാവരെയും വീട്ടിലെ ഒരംഗത്തെ പോലെയെ സാർ എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ. വീട്ടിലെ ഓരോ ആവശ്യവും കണ്ടറിഞ്ഞ് ചോദിക്കുന്ന കാരണവർ കൂടെ യാത്ര ചെയ്യുന്നവരുടെ ഓരാ ആവശ്യവും കണ്ടറിഞ്ഞ് നിറവേറ്റിത്തരുന്ന വലിയ മനസ് ലാൽ സാറിനുണ്ട്. ഇത്രയും തിരക്കുള്ള ഒരാൾ നമ്മുടെ വീട്ടിലെ കാര്യങ്ങളിൽ കൂടി ശ്രദ്ധചെലുത്തുമ്പോൾ കിട്ടുന്ന സന്തോഷവും അതിലുപരിയായുള്ള സുരക്ഷിതത്ത്വ ബോധവുമെല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തൊഴിൽദാതാവിൽ നിന്ന് മറ്റെന്താണ് ഇതിൽക്കൂടുതൽ ഒരു തൊഴിലാളി ആഗ്രഹിക്കേണ്ടത്.

ഞാൻ കുറച്ച് കാശിട്ടിട്ടുണ്ട്...എല്ലാവരും ഹാപ്പിയായിരിക്കണം
കൊവിഡ് പശ്ചാത്തലത്തിലെ കാര്യമെല്ലാം അറിയാമല്ലോ, സാർ അന്ന് ചെന്നൈയിലെ വീട്ടിലാണ്. എന്നിരുന്നാലും രണ്ടു ദിവസം കൂടുമ്പോൾ ഞങ്ങളെയെല്ലാം വിളിച്ച് സാർ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഒരു ദിവസം വിളിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഞാൻ കുറച്ച് കാശ് നിങ്ങൾക്ക് ഇട്ടിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കൂ. ഒരു ടെൻഷനും വേണ്ട, ഹാപ്പിയായിട്ട് ഇരിക്കൂ'- അതാണ് ഞങ്ങളുടെ മോഹൻലാൽ സാർ'