
ബാലുശേരി: പ്രശസ്‌ത വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ദുബായ് ജാഫിലിയയിലെ ഫ്‌ളാറ്റിലാണ് ഇരുപത്തിയൊന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് ഖബറടക്കും. ആത്മഹത്യയാണെന്ന വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ ആത്മഹത്യ ചെയ്യാൻ തക്ക പ്രശ്‌നങ്ങളൊന്നും റിഫയ്ക്കില്ലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മരിക്കുന്നതിന് തലേന്ന് രാത്രി ഒൻപതോടെ റിഫ വിഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു. തന്റെ കുഞ്ഞുമകന് ഉമ്മ നൽകിയ ശേഷമാണ് ഫോൺവച്ചത്.
തിങ്കളാഴ്ച രാത്രി ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഭർത്താവ് പറയുന്നത്. ഇയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് നീക്കം ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് മെഹ്നാസിനെ റിഫ പരിചയപ്പെട്ടത്. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. ഒന്നര വയസുള്ള മകനെ വീട്ടിൽ ഏൽപിച്ചാണ് ഗൾഫിലേക്ക് പോയത്.