gs-pradeep-biju

മനുഷ്യ മനസിനെ അതി വിദഗ്‌ദ്ധമായി കൈയിൽ എടുക്കാൻ ഗ്രാൻഡ് മാസ്‌റ്റർ ജിഎസ് പ്രദീപിനുള്ള കഴിവ് ശ്രദ്ധേയമാണ്. പ്രദീപിനെ പോലും വിസ്‌മിപ്പിച്ച ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി പ്രദർശനവും തലസ്ഥാനവാസികളുടെ മനം കവരുകയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബിജു കാരക്കോണത്തിന്റെ ക്യാമറക്കണ്ണുകളിൽ പിറന്ന അപൂർവ നിമിഷങ്ങളാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പ്രദർശനം തുടരുന്നത്. കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്ത്വത്തിലാണ് പ്രദർശനം. മാർച്ച് ഒന്നിന് ആരംഭിച്ച് ഫോട്ടോഗ്രാഫി പ്രദർശനം ഈ മാസം ഏഴ് വരെ തടരും.

കാടും മേടും കാൻവാസിൽ നിറച്ച് ബിജു

കാരക്കോണം എം.വി പുതുവീട്ടിൽ ശ്രീകണ്ഠൻ നായരുടെയും സരോജനിയമ്മയുടെയും മകനായ ബിജു കാരക്കോണത്തിന് ചെറുപ്പകാലം മുതലെ ക്യാമറയോടും ഫോട്ടോഗ്രാഫിയോടും അമിതമായ ഭ്രമമായിരുന്നു. ഡിഗ്രി പഠന വേളയിൽ തന്നെ കൂട്ടുകാരോടൊപ്പം കാടുകളും മലകളും കയറി പ്രകൃതിയുടെ നയന മനോഹരമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് ഒരു വിനോദമാക്കിയിരുന്നു.


മൈസൂരിൽ നിന്ന് രണ്ട് വർഷത്തെ മാസ്റ്റർ ഫൈൻ ആർട്സ് ഇൻ ഫോട്ടോഗ്രാഫി കോഴ്സും പഠിച്ചു. ഇതിനിടയിലും രാജ്യത്തെ പല സ്ഥലങ്ങളും സന്ദർശിച്ച് പ്രകൃതിയുടെ വിവിധങ്ങളായ ചിത്രങ്ങൾ ഒപ്പിയെടുത്തു. ഇതിനോടകം ഒരു ലക്ഷത്തിലധികം ചിത്രങ്ങൾ തന്റെ ശേഖരത്തിലാക്കി. 80 ലധികം ഡോക്യുമെന്ററികളും നിർമ്മിച്ചു.


പൂമ്പാറ്റകളുടെ നൂറോളം ചിത്രങ്ങളാണ് ബിജുവിന്റെ ശേഖരണത്തിലുളളത്. യൂണിസെഫുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ഛായഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. കളം എന്ന സിനിമയ‌്ക്ക് ഛായാഗ്രഹണം നിർവഹിച്ചതും ബിജുവാണ്.