ukrain-rescue

ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് 19 വിമാനങ്ങളിലായി 3,726പേർ എത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. ബുക്കറെസ്റ്റിൽ നിന്ന് എട്ടും ബുഡാപെസ്റ്റിൽ നിന്ന് അഞ്ചും വിമാനങ്ങൾ എത്തും. മറ്റ് മൂന്നിടങ്ങളിൽ നിന്നും ആറ് വിമാനങ്ങളും സർവീസ് നടത്തും.

അതേസമയം യുക്രെയിനിൽ നിന്നും രക്ഷാദൗത്യവുമായി വ്യോമസേനയുടെ ഒരു വിമാനം കൂടി മടങ്ങിയെത്തിയിരിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 628 വിദ്യാർത്ഥികളാണ് രാജ്യത്ത് തിരിച്ചെത്തിയത്. പോളണ്ടിൽ നിന്നും 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനം എത്തിയത്. അവസാന ഇന്ത്യാക്കാരനെയും തിരികെ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്ന് വിദ്യാർത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

യുക്രെയിനിൽ നിന്നും ഡൽഹിയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. രാവിലെ ഒമ്പതരയ്ക്കാണ് ഒരു വിമാനം യാത്രതിരിച്ചത്. മറ്റൊന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കും വൈകിട്ട് ആറരയ്ക്കും ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ 24മണിക്കൂർ പ്രവർത്തിക്കുന്ന നോർക്ക ഡെസ്ക്ക് യുക്രെയിനിൽ നിന്നെത്തുന്നവരുടെ തുടർയാത്രയും മറ്റ് ആവശ്യങ്ങളും ഏകോപിപ്പിക്കും. നെടുമ്പാശേരിയിൽ നിന്നും കാസർകോടേക്കും തിരുവനന്തപുരത്തേക്കും ബസ് സർവീസുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.