high-court-

തി​രു​വ​ന​ന്ത​പു​രം​:​ ​കേരള ഹൈക്കോടതി പരിസരത്ത് മൈനസ് 30 ഡിഗ്രി വരെ താപനില താഴാനും, 60 ഡിഗ്രിവരെ ഉയരാനും ഇടയുണ്ടോ ?

ഇത്രയും തണുപ്പുവരാൻ കോടതി അന്റാർട്ടിക്കയിലേക്കെങ്ങാനും മാറ്റിയോയെന്ന സംശയം എന്തായാലും വേണ്ട. വിലകൂടിയ കാമറ വാങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ കള്ളക്കളിയായിരുന്നു ഇതിനു പിന്നിൽ. കാലാവസ്ഥയിൽ ഈ രീതിയിലുള്ള വ്യതിയാനം സംഭവിക്കാമെന്നും ഹൈ​ക്കോ​ട​തി​യി​ൽ​ ​സ്ഥാപിക്കുന്ന നിരീക്ഷണ കാമറ കേടുകൂടാതെയിരിക്കാൻ അത്രയും മുന്തിയ ഇനം വേണമെന്നുമായിരുന്നു അവർ ടെൻഡറിൽ ആവശ്യപ്പെട്ടത്.

ടെൻഡർ ഉറപ്പിക്കാൻ കമ്പനി നൽകിയ വ്യവസ്ഥകളിൽ യാതൊരു മാറ്റവും വരുത്താതെയാണ് പൊതുമരാമത്ത് തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ അംഗീകാരത്തിന് ശുപാർശ നൽകിയതെന്ന് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കമ്പനി നിരീക്ഷണ കാമറ സ്ഥാപിക്കാൻ നൽകിയ 26 ഇനം തിരിച്ചുള്ള വിവരണങ്ങളും വിദഗ്ദ്ധർ പരിശോധിക്കുകയും അവയെല്ലാം തുക

കൂട്ടിക്കാണിച്ച് തട്ടിപ്പ് നടത്താനുള്ള മാർഗങ്ങളായിരുന്നുവെന്ന് അക്കമിട്ട് വിശദമാക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സെക്കൻഡിൽ ഒരു ലക്ഷം ഷട്ടർ സ്പീഡുള്ള കാമറവേണമെന്നാണ് കമ്പനി ടെൻഡറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സെക്കൻഡിൽ പരമാവധി 4000 ഷട്ടർസ്പീഡ് മതിയാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. കാമറയിൽ ടൂ വേ ആഡിയോ സംവിധാനം വേണമെന്നായിരുന്നു മറ്റൊരു നിർദ്ദേശം. എന്നാൽ ഇത് കോടതി നടപടികൾ തന്നെ റെക്കാഡ് ചെയ്യാൻ ഇടയാക്കുമെന്നും സുരക്ഷാഭീഷണിക്ക് വഴിതെളിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. ആവശ്യമില്ലാത്ത സാങ്കേതിക സാധനങ്ങളാണ് വാങ്ങാനായുള്ള പട്ടികയിൽ പെടുത്തിയത്. പല ഇനങ്ങളിലും ഈ വിധത്തിൽ പെരുപ്പിച്ച കണക്കിലൂടെയാണ് 5.75 കോടിരൂപയുടെ ടെൻഡർ സ്വകാര്യ കമ്പനി സമർപ്പിച്ചത്.കാമറകളുടെ കാര്യത്തിൽ ഏത് കമ്പനിയിൽ നിന്ന് വാങ്ങണമെന്നുപോലും വാശിപിടിച്ചിരുന്നു, സ്വിച്ചിന്റെ കാര്യത്തിൽപ്പോലും ആവശ്യമില്ലാത്തത്ര സാധനങ്ങൾ വാങ്ങണമെന്നായിരുന്നു ടെൻഡറിലുണ്ടായിരുന്നത്.

അംഗീ​കാ​ര​മി​ല്ലാ​ത്ത​ ​ഈ സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ന് ​ടെൻഡർ ന​ൽ​കാ​ൻ​ ​ശ്ര​മി​ച്ച​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​തൃ​ശൂ​ർ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഡി​വി​ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീവ് ​എ​ൻ​ജി​നി​യ​റെ​ ​സ​ർവീ​സി​ൽ​ ​നി​ന്ന് ​കഴിഞ്ഞദിവസം സ​സ്പെ​ൻ​ഡ് ​ചെ​യ്തിരുന്നു.

കഴിഞ്ഞ ഏഴുവർഷമായി തൃശൂർ ഡിവിഷന്റെ ഭാഗത്തുനിന്നും ക്രമക്കേടുകൾ ഉണ്ടാകുന്നുവെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ കമ്മിറ്റി രൂപീകരിച്ച് സമഗ്രാന്വേഷണം നടത്താനാണ് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിട്ടുള്ളത്.