russia

മോസ്കോ: യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ ബഹികാകാശ രംഗത്തുൾപ്പടെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ അമേരിക്ക ഉൾപ്പടെയുള്ള ലാേക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനത്തിലെ സഹകരണം ഇല്ലാതാക്കുമെന്നായിരുന്നു പ്രധാന ഭീഷണി. റഷ്യ സഹകരണം പിൻവലിച്ച് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഭൂമിയിൽ പതിച്ച് പ്രവചനാതീയമായ ദുരന്തമായിരിക്കും ഉണ്ടാവുക.

ബഹിരാകാശ നിലയത്തിലെ സഹകരണം അവസാനിപ്പിക്കുന്നതുപോലുള്ള കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കിലും റഷ്യ പണി തുട‌ങ്ങി. ആദ്യപടിയായി തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റുകളിൽ നിന്ന് ബഹിരാകാശ പരിപാടികളിൽ പങ്കെടുക്കുന്ന ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പതാകകൾ റഷ്യ നീക്കംചെയ്തു എന്നാണ് റിപ്പോർട്ട്. ബൈകോനൂർ വിക്ഷേപണ കേന്ദ്രത്തിലെ സോയൂസ് റോക്കറ്റിൽ പതിച്ചിരുന്ന അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പതാകകൾ മറയ്ക്കുന്ന ദൃശ്യവും പങ്കുവച്ചിട്ടുണ്ട്.

'ചില രാജ്യങ്ങളിലെ ദേശീയ പതാകകൾ ഇല്ലെങ്കിൽ ഞങ്ങളുടെ റോക്കറ്റുകൾ കൂടുതൽ സുന്ദരമായിയിരിക്കും. അങ്ങനെ സുന്ദരമാക്കാൻ ബൈകോനൂരിലെ വിക്ഷേപകർ തീരുമാനിച്ചു'- പതാകകൾ മറയ്ക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസി പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും ജപ്പാന്റെയും പതാകകൾ റോക്കറ്റിൽ നിന്ന് പൂർണമായും മായ്ക്കുന്നതാണ് ദൃശ്യങ്ങളുളളത്. യുക്രെയിൻ വിഷയത്തിൽ ബ്രിട്ടനും അമേരിക്കയും ജപ്പാനും റഷ്യയെ പൂർണമായും എതിർക്കുന്ന സമീപനം സ്വീകരിച്ചപ്പോൾ ഐക്യ രാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ ആരുടെയും പക്ഷം ചേരാതെ ഇന്ത്യ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ഇതിലുൾപ്പടെയുള്ള റഷ്യയുടെ നന്ദിപ്രകാശനമാണ് ഇന്ത്യൻ പതാക നിലനിറുത്തിയതിലൂടെ തെളിയുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Стартовики на Байконуре решили, что без флагов некоторых стран наша ракета будет краше выглядеть. pic.twitter.com/jG1ohimNuX

— РОГОЗИН (@Rogozin) March 2, 2022

വൺവെബ് പദ്ധതിക്ക് കീഴിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 428 എണ്ണം ഇതിനകം വിക്ഷേപിച്ചിട്ടുണ്ട്.