
ന്യൂഡൽഹി: റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കാൻ അമേരിക്കയും യൂറോപ്പും തീരുമാനിച്ചതോടെ ക്രൂഡോയിൽ വില കൂടി. എട്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളർ കടന്നു. ഇതോടെ രാജ്യത്തും പെട്രോൾ, ഡീസൽ വില വർദ്ധനയുണ്ടാകുമെന്ന് ഉറപ്പായി.
തിരഞ്ഞെടുപ്പ് മാർച്ച് 7ന് പൂർത്തിയാകുമെങ്കിലും ഫലം വരുന്നതുവരെ കാത്തിരിക്കാതെ ഇന്ധനവില വർദ്ധനവിനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ. പെട്രോളിന് ലിറ്ററിന് 14 മുതൽ 16 വരെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പെട്രോൾ, ഡീസൽ വില ഉയരുന്നത് പണപ്പെരുപ്പം ക്രമാതീതമായി ഉയരാൻ കാരണമാകും.
രാജ്യാന്തര വിപണിയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് തടസപ്പെടുമെന്ന ഭീതിയാണ് വില കൂടാൻ കാരണം. അസംസ്‌കൃത എണ്ണ ഉത്പാദനത്തിൽ ലോകത്ത് മൂന്നാമതാണ് റഷ്യ. ഇവിടെ നിന്നുള്ള വിതരണം തടസപ്പെട്ടാൽ അത് ആഗോളതലത്തിൽ ഇന്ധനലഭ്യതയിൽ വലിയ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.
അമേരിക്കയടക്കം ചില രാജ്യങ്ങൾ കരുതൽ ശേഖരത്തിൽ നിന്ന് 60 ലക്ഷം ബാരൽ ക്രൂഡോയിൽ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിലക്കയറ്റം തടയാനായില്ല. ലോകത്തിന്റെ ഒരു ദിവസത്തെ ഉപഭോഗത്തിന് മാത്രം തുല്യമാണിത് എന്നതാണ് കാരണം.
വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയ്‌ക്കുമേലുള്ള ഉപരോധത്തിൽ ക്രൂഡോയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും റഷ്യയോട് കരാറിലേർപ്പെടാൻ മിക്ക രാജ്യങ്ങളും മടിക്കുകയാണ്. പ്രതിദിന ഉത്പാദനം നാലുലക്ഷം ബാരൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞവർഷം ഒപെക് പ്ളസ് കൂട്ടായ്‌മ തീരുമാനിച്ചിരുന്നു.
യുദ്ധപശ്ചാത്തലത്തിലെ വില കുതിപ്പ് കണക്കിലെടുത്ത് ഉത്പാദനവർദ്ധനയുടെ അളവ് ഉയർത്തണമെന്ന് ഇന്ത്യയടക്കം ആവശ്യപ്പെട്ടെങ്കിലും ഒപെക് പ്ളസ് തള്ളി. ഇതും എണ്ണവിലക്കയറ്റത്തിന് ആക്കം കൂട്ടി. കഴിഞ്ഞ 118 ദിവസമായി മാറാതെ നിന്ന പെട്രോൾ, ഡീസൽവില അടുത്തയാഴ്‌ചയോടെ കൂടിത്തുടങ്ങും. നവംബർ നാലു മുതൽ വില പരിഷ്‌കരണ നടപടി നിറുത്തി വച്ചിരിക്കുകയാണ്.