cpim-state

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് സൂചന. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോടിയേരി പാർട്ടി സെക്രട്ടറി ആയി തുടരണമെന്നാണ് പോളിറ്റ് ബ്യൂറോയുടെയും താൽപര്യം.

ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, സി കരുണാകരൻ, എൻജി കമ്മത്ത്, എംഎം മണി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായേക്കും. പകരം, കടകംപള്ളി സുരേന്ദ്രൻ, സികെ രാജേന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ, സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരുടെ പേരുകളാണ് പുതുതായി കേൾക്കുന്നത്. ഇതുസംബന്ധിച്ച ചിത്രം നാളെ മാത്രമേ വ്യക്തമാവുകയുള്ളൂ.

പൊലീസിനെ ആരും വിമർശിച്ചിട്ടില്ലെന്ന് കോടിയേരി

പൊലീസിനെ വിമർശിക്കുന്ന തരത്തിലുള്ളതൊന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ. പൊലീസിനെ പിന്തുണക്കേണ്ട കാര്യമില്ല. പൊലീസിന് ആരുടെയും പിന്തുണയുടെ ആവശ്യവുമല്ല. ഇടതുപക്ഷ സർക്കാരിന് ഒരു പൊലീസ് നയമുണ്ട്. ജനസൗഹൃദമാണ് ആ പൊലീസ് നയം. അതിൽ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ തിരുത്തും. സമ്മേളനത്തിൽ ഇക്കാര്യങ്ങളൊന്നും ആരും പറഞ്ഞിട്ടില്ല.

ഈ പാർട്ടിയിൽ ആർക്കും ആരെയും പേടിയില്ലെന്ന് കോടിയേരി പറഞ്ഞു. നിർഭയമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് സിപിഎം. അങ്ങനെ ഏതെങ്കിലും പാർട്ടിയുണ്ടോ? ഏതു വിമർശനവും പാർട്ടിക്കകത്ത് ഉന്നയിക്കാം. പരസ്യമായി പറഞ്ഞുപരിഹരിക്കേണ്ട ഒരു പ്രശ്നവും ഇടതുമുന്നണിയിലില്ലെന്നും കോടിയേരി വ്യക്തമാക്കി.

പ്രവർത്തനത്തിൽ മാറ്റം വരുത്താൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. കീഴ്‌ഘടകങ്ങളുൾപ്പടെയുള്ള എല്ലാ കമ്മിറ്റികളിലും രാഷ്‌ട്രീയ ചർച്ച നടക്കണം. മേൽക്കമ്മിറ്റി ഒരു തീരുമാനമെടുത്തിൽ കീഴ്‌കമ്മിറ്റിയിൽ അത് റിപ്പോർട്ട് ചെയ്യണം. അവരുടെ സംശയങ്ങൾ ദൂരീകരിച്ചുകൊടുക്കണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നോക്കുകൂലിയെ പാർട്ടി ശക്തമായി എതിർക്കുന്നു

നോക്കുകൂലിക്ക് പാർട്ടി നേരത്തെ തന്നെ എതിരാണ്. ഒരുതരത്തിലും നോക്കൂകൂലി സമ്പ്രദായം പ്രോത്സാഹിപ്പിക്കാൻ പാടില്ല. സിഐടിയു അതിന് ശക്തമായി എതിരാണ്. ഒരു തരത്തിലും സംഘടനയുടെ അംഗീകാരം നോക്കുകൂലിക്ക് ഇല്ല. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ കുറ്റകൃത്യമാണ്. നോക്കൂകൂലിക്കെതിരെ കൃത്യമായ നടപടി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

പ്രക്ഷോഭം ഒരു ഭാഗത്ത് നടക്കും, കെ റെയിൽ യാഥാർത്ഥ്യമാക്കും

കെ റെയിൽ യാഥാർത്ഥ്യമാക്കുമെന്ന് കോടിയേരി ആവർത്തിച്ചു. നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണ്. നാലുവരിപാത, മലയോരപാത, തീരദേശപാത ഇതൊക്കെ റോഡ് വികസനത്തിന്റെ ഭാഗമാണ്. ഇതിന്റെ കൂടെ കെ റെയിലും യാഥാർത്ഥ്യമാക്കും.