narendra-modi

ന്യൂ‌ഡൽഹി: യുക്രെയിനിലെ യുദ്ധമുഖത്തുനിന്നും ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ ഗംഗ' രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മോദിയെ പാലമായി ചിത്രീകരിച്ചിട്ടുള്ള ഗ്രാഫിക്സും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു, ഇത് ഇപ്പോൾ വൈറലാവുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രെയിനിൽ നിന്ന് രക്ഷപ്പെടുന്ന വിദ്യാർത്ഥികളുടെ ചിത്രമാണ് ഗ്രാഫിക്സിലുള്ളത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ രക്ഷിക്കാനായി അപേക്ഷിക്കുന്നതും ചിത്രത്തിൽ കാണാം. നിരവധിപേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

PM @NarendraModi ji, India's 'Bridge of Hope'

#OperationGanga pic.twitter.com/O3hZVPyGGS

— Piyush Goyal (@PiyushGoyal) March 3, 2022

അതേസമയം യുക്രെയിനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് 19 വിമാനങ്ങളിലായി 3,726പേർ എത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചിരുന്നു. ബുക്കറെസ്റ്റിൽ നിന്ന് എട്ടും ബുഡാപെസ്റ്റിൽ നിന്ന് അഞ്ചും വിമാനങ്ങൾ എത്തും. മറ്റ് മൂന്നിടങ്ങളിൽ നിന്നും ആറ് വിമാനങ്ങളും സർവീസ് നടത്തും. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 628 വിദ്യാർത്ഥികളാണ് രാജ്യത്ത് തിരിച്ചെത്തിയത്. പോളണ്ടിൽ നിന്നും 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനം എത്തിയത്. അവസാന ഇന്ത്യാക്കാരനെയും തിരികെ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്ന് വിദ്യാർത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.