pathram

സുരേഷ് ഗോപി പങ്കുവച്ച പുതിയ പോസ്റ്റിന് പിന്നാലെയാണിപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ. കരിയറിലെ 253ാം ചിത്രത്തെ കുറിച്ച് താരം പങ്കുവച്ച സൂചനകളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. സർപ്രൈസിംഗായിട്ടൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

പത്രറിപ്പോർട്ടുകൾ കൊണ്ടുള്ള കൊളാഷിൽ അത്തരമൊരു സർപ്രൈസ് വാർത്തയുടെ സൂചന നൽകിയതുകൊണ്ട് തന്നെ ആരാധകർ ഏറെയും പറയുന്നത് പത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ്. രൺജിപണിക്കറുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു പത്രം.

മഞ്ജുവാര്യരും സുരേഷ് ഗോപിയും തകർത്തഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പത്രം 2 യാഥാർത്ഥ്യമായാൽ മഞ്ജുവും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാകും മലയാളി പ്രേക്ഷകർ.

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. മകൻ ഗോകുൽ സുരേഷും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.