
ചെന്നൈ: ചെന്നൈ കോർപ്പറേഷന്റെ മേയറായി ദളിത് യുവതിയെ നാമനിർദേശം ചെയ്ത് ഡിഎംകെ. 28കാരിയായ പ്രിയയെ ആണ് ഡിഎംകെ മേയർ ആക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചെന്നൈ കോർപ്പറേഷനിൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ മേയറായി തിരഞ്ഞെടുക്കപ്പെടും.
ഇതോടെ ചെന്നൈ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ, ആദ്യ ദളിത് മേയർ എന്നീ പദവികൾ പ്രിയയ്ക്ക് സ്വന്തമാകും. താര ചെറിയാൻ,കാമാക്ഷി ജയരാജൻ എന്നിവർക്ക് ശേഷം ചെന്നൈ കോർപ്പറേഷനിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ. തിരു വികാ നഗർ സ്വദേശിയായ പ്രിയ കോർപ്പറേഷനിലെ 74ാം വാർഡിൽ നിന്നാണ് വിജയിച്ചത്.
നേരത്തേ നടന്ന തിരഞ്ഞെടുപ്പിൽ ചെന്നൈ ഉൾപ്പെടെയുള്ള കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഡിഎംകെ മികച്ച വിജയം നേടിയിരുന്നു. ചെന്നൈ ഉൾപ്പെടെയുള്ള 21 മുനിസിപ്പൽ കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 490 ടൗൺ പഞ്ചായത്തുകളിലും ഡിഎംകെയാണ് വിജയിച്ചത്.