
വാഷിംഗ്ടൺ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് 96 രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ ജനറൽ അസംബ്ളിയിൽ അവതരിപ്പിച്ച പ്രമേയം 141 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി. 191 അംഗങ്ങളിൽ ഇന്ത്യ, ചൈന, പാകിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക ഉൾപ്പെടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. റഷ്യ, സിറിയ, എറിത്രിയ, ബെലറൂസ്, ഉത്തര കൊറിയ എന്നീ അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തു. യുക്രെയിന്റെ പരമാധികാരവും സ്വാതന്ത്യവും അതിർത്തിയും സംരക്ഷിക്കണമെന്നും റഷ്യൻ സേനാ നിരുപാധികം യുക്രെയിനിൽ നിന്ന് പിൻമാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
നേരത്തെ യു.എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിലും ഇന്ത്യ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചത്.
റഷ്യയ്ക്കെതിരെ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയെ ബോദ്ധ്യപ്പെടുത്താൻ ശ്രമം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.
യു.എൻ ജനറൽ അസംബ്ളിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന സംവാദങ്ങൾക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്ന് പുട്ടിൻ സമ്മതിച്ചിരുന്നു.
'വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ യുക്രെയിനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന്' യു. എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി, വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നതിനെക്കുറിച്ചുള്ള വിശദീകരണത്തിൽ വ്യക്തമാക്കി.
സംഘർഷമേഖലകളിൽ ഉടൻ വെടിനിറുത്തലിന് ആഹ്വാനം ചെയ്യുന്നതായും റഷ്യ- യുക്രെയിൻ രണ്ടാംഘട്ട ചർച്ചയിൽ സമാധാനം പുലരുന്നതിനുള്ള വഴിതെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും തിരുമൂർത്തി പറഞ്ഞു.
 റഷ്യയുടെ പ്രവർത്തികൾ ഇന്ത്യയെ അസ്വസ്ഥപ്പെടുത്തിയിരിക്കയാണ്. മോസ്കോയിലെയും പാശ്ചാത്യ രാജ്യങ്ങളുടെയും താത്പര്യങ്ങൾ ബാലൻസ് ചെയ്യാൻ ഇന്ത്യ ശ്രമിക്കുകയാണ്.
നമ്മുടെ അയൽരാജ്യങ്ങളായ ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അതിർത്തിയിലെ കൈകടത്തലുകൾ കണക്കിലെടുക്കുമ്പോൾ, ഒരു രാജ്യം, മറ്റൊരു രാജ്യത്തിന്റെ അതിർത്തി ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതിനെ അപലപിക്കാതിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യ ജാഗ്രത പുലർത്തുന്നു.
- ടി.എസ്. തിരുമൂർത്തി
റഷ്യയ്ക്കെതിരെ അന്വേഷണം
ഹേഗിലെ രാജ്യാന്തര ക്രിമിനൽ കോടതി റഷ്യ യുദ്ധക്കുറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. യുക്രെയിനടക്കം 38 രാജ്യങ്ങളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, രാജ്യാന്തര നീതിന്യായക്കോടതിയിൽ അംഗമല്ലാത്ത റഷ്യ ഇതിനെ തള്ളിക്കളഞ്ഞു.