v

കീവ്: ഒരാഴ്ച പിന്നിട്ടിട്ടും വീര്യം ചോരാതെ റഷ്യൻ സൈനികർക്കെതിരെ പോരാടാൻ യുക്രെയിന് കരുത്തു പകർന്നത് എഫ്.ജി.എം - 148 ജാവ്‌ലിൻ എന്ന ടാങ്ക് വേധ മിസൈലാണ്. വിശുദ്ധ ജാവലിനെന്നറിയപ്പെടുന്ന ഈ മിസൈൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രെയിനിൽ എത്തിയത്. 200 ദശലക്ഷം ഡോളറിന്റെ 300 ജാവലിൻ മിസൈൽ അമേരിക്കയാണ് യുക്രെയിന് നൽകിയത്.

റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ശനിയാഴ്ച 350 ദശലക്ഷം ഡോളറിന്റെ സഹായം കൂടി അമേരിക്ക അനുവദിച്ചു. ഇതിൽ ജാവലിൻ മിസൈലുകളും ഉണ്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ജാ‌വലിൻ യുക്രെയിന് നൽകാൻ തീരുമാനിച്ചത്. 20 വർഷം മുൻപു തന്നെ ജാവലിൻ അമേരിക്കൻ സൈന്യത്തിന്റെയും നാറ്റോ രാജ്യങ്ങളുടേയും സൈനിക സ്വത്തായിരുന്നു.

 മിസൈലെങ്ങനെ വിശുദ്ധമാകും?

തങ്ങൾക്ക് കരുത്തേകിയ ജാ‌വലിന് ദൈവീക പരിവേഷമാണ് യുക്രെയിൻകാർ നൽകുന്നത്.

വീണ്ടെടുക്കലിന്റെ വിശുദ്ധയായ മഗ്ദലന മറിയം ജാവ്‌ലിൻ മിസൈൽ പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും സ്റ്റിക്കറുകളും യുക്രെയിനിലെമ്പാടും പ്രചരിക്കുന്നുണ്ട്.

യുക്രെയിൻ ജനതയ്ക്കായി സഹായം തേടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിൽ ഒന്നിന്റെ പേര് സെന്റ് ജാവലിൻ ഡോട്ട് കോം എന്നാണ്.

 സവിശേഷതകൾ

ഉയർന്നയിനത്തിൽപ്പെട്ട ടാങ്ക് പ്രതിരോധ ആയുധസംവിധാനം

 അമേരിക്കൻ നിർമ്മിതം

 വില - ഒന്നിന് 60 ലക്ഷം

 മിക്ക റഷ്യൻ കവചിത വാഹനങ്ങളെക്കാളും പ്രഹരശേഷി
 1.2 മീറ്റർ നീളം

 നാലു കിലോമീറ്റർ ദൂരെയുള്ള ടാങ്കിനെപ്പോലും തകർക്കാം

 മിസൈലും ലോഞ്ചറും ഒരാൾക്ക് തന്നെ എടുത്തുകൊണ്ടുപോകാനും ഉപയോഗിക്കാനും സാധിക്കും.  സ്വയം നിയന്ത്രിക്കാം. മറഞ്ഞിരുന്നു പ്രയോഗിക്കാനും അനുയോജ്യം.

 'വെടിവയ്ക്കുക മറക്കുക' എന്ന സംവിധാനമാണ് മിസൈലിന്റെ ഏറ്റവുംവലിയ സവിശേഷത. അതായത് ഉന്നംനോക്കി വെടിവച്ച് സൈനികന് പെട്ടെന്നുതന്നെ മടങ്ങാം.

 നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ജാവലിൻ ഏറ്റവുമധികം ഉപയോഗിക്കുന്നത് കാലാൾപ്പടയാണ്.
 ഭൂപ്രകൃതി, ഭൂമിശാസ്ത്ര പ്രത്യേകതകൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഫലപ്രാപ്തി.
 യുക്രെയിന്റെ മദ്ധ്യ, കിഴക്കൻ മേഖലകൾ പൊതുവേ പരന്നപ്രദേശങ്ങളാണ്. അതിനാൽ ഇവ ഒളിച്ചുവച്ച് പ്രയോഗിക്കാൻ ബുദ്ധിമുട്ടാണ്.