ukraine

കീവ്: യുക്രെയിനിൽ സംഘർഷം തുടരുന്നതിനിടെ യാത്രാ സൗകര്യവും ഭക്ഷണവുമില്ലാതെ തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശിയും കുടുംബവും ഖാർകീവിൽ കുടുങ്ങിക്കിടക്കുന്നു. പരുത്തിപ്പാറ സ്വദേശി അലൻ ബെന്നിയും ഭാര്യ ഷെലോമിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് കുടുങ്ങിയത്.

ഇവർ താമസിച്ചിരുന്ന ബഹുനില ഫ്ലാറ്റിലെ മുഴുവൻ പേരെയും ഒഴിപ്പിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

വിമാനത്താവളങ്ങൾ അടച്ചതിനാൽ രക്ഷപ്പെടാനോ സുരക്ഷിത സ്ഥാനത്തേക്ക് മാറാനോ കഴിയുന്നില്ലെന്ന് അലൻ പറയുന്നു. 80 കിലോമീറ്റർ സഞ്ചരിച്ചാൽ റഷ്യൻ അതിർത്തിയിലെ ബെൽഗറോഡ് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങാം.

എന്നാൽ അവിടേക്ക് ട്രെയിനോ ബസോ ലഭിക്കുന്നില്ല. പോളണ്ടടക്കമുള്ള മറ്റ് രാജ്യങ്ങളുടെ അതിർത്തിയിലെത്തണമെങ്കിൽ ആയിരം കിലോമീറ്റർ സഞ്ചരിക്കണം. അത് സുരക്ഷിതവുമല്ല. ആയിരത്തോളം മലയാളി വിദ്യാർത്ഥികളും അവിടെ കുടുങ്ങിക്കിടക്കുകയാണ്. യുക്രെയിൻ, റഷ്യൻ സർക്കാരുകളുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരം കാണണമെന്നും അലൻ പറഞ്ഞു.