
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അത്ര നല്ല സൗഹൃദത്തിലല്ല എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. ഇതിനുള്ള കാരണങ്ങൾ രാഷ്ട്രീയപരമാണെങ്കിൽ പോലും ഈ ശത്രുത പലപ്പോഴും ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് മത്സരങ്ങളിലും പ്രതിഫലിക്കാറുണ്ട്. അതിനാൽ തന്നെ പാകിസ്ഥാനികൾക്ക് ഇന്ത്യ താരങ്ങളോടും ഇന്ത്യക്കാർക്ക് പാകിസ്ഥാൻ താരങ്ങളോടും ആരാധന തോന്നുന്നത് വിരളമാണ്. ഇനി അഥവാ തോന്നിയാൽ തന്നെ അത് പരസ്യമാകാതിരിക്കാൻ ശ്രദ്ധിക്കും.
എന്നാൽ ഇന്ത്യയുടെ മുൻ നായകൻ വിരാട് കൊഹ്‌ലിയുടെ കടുത്ത ആരാധകനായ ഒരു പാകിസ്ഥാൻ പൗരന് ഇന്ത്യൻ താരത്തോടുള്ള ആരാധന ഒളിച്ചുവയ്ക്കാൻ സാധിക്കുന്നതായിരുന്നില്ല. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഉമർ ദരാസിനാണ് അമളി പിണഞ്ഞത്.
2016ലാണ് സംഭവം. അന്ന് നടന്ന ഒരു ടി ട്വന്റി മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 90 റൺസ് അടിച്ച വിരാട് കൊഹ്‌ലിയുടെ മികവിലായിരുന്നു അന്നത്തെ ഇന്ത്യൻ ജയം. ഒരു തയ്യൽക്കാരനും കടുത്ത കൊഹ്‌ലി ആരാധകനുമായ ഉമർ, മറ്റൊന്നും ആലോചിക്കാതെ സ്വന്തം കയ്യാൽ തുന്നിയ ഒരു ഇന്ത്യൻ പതാക പാകിസ്ഥാനിലെ തന്റെ വീടിന് മുകളിൽ ഉയർത്തി. സംഭവം വലിയ പ്രശ്നമാകുകയും ദേശദ്രോഹ കുറ്റത്തിന് ഉമറിനെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിരാട് കൊഹ്‌ലിയോടുള്ള ആരാധന കാരണമാണ് താൻ ഇന്ത്യൻ പതാക ഉയർത്തിയതെന്നും മറ്റൊരു ദുരുദ്ദേശവും തനിക്കില്ലായിരുന്നെന്നും ഉമർ പറഞ്ഞെങ്കിലും പൊലീസ് അംഗീകരിക്കാൻ കൂട്ടാക്കിയില്ല.
താൻ ഒരു കുറ്റം ചെയ്തതായി തോന്നുന്നില്ലെന്നും തന്നെ ഒരു ക്രിക്കറ്റ് ആരാധകനായി പരിഗണിച്ച് തനിക്ക് മാപ്പ് നൽകണമെന്നും കോടതിയിൽ ഉമർ അഭ്യർത്ഥിച്ചു. ഒരു മാസത്തോളം ജയിലിൽ കിടന്ന ശേഷം ഉമറിന് കോടതി ജാമ്യം അനുവദിച്ചു.
നാളെ മൊഹാലിയിൽ ആരംഭിക്കുന്ന ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് കൊഹ്‌ലിയുടെ നൂറാം ടെസ്റ്റ് കൂടിയാണ്.