speed-putin

ഫ്ളോറിഡ: അമേരിക്കയിൽ അമിതവേഗത്തിൽ കാർ ഓടിച്ച വ്യക്തിയെ തടഞ്ഞുനിർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ വിശദീകരണം കേട്ട് അമ്പരന്ന് നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഫ്ലോറിഡയിലാണ് സംഭവം. ഫ്ളോറിഡയിലെ ഫ്ളാഗ്ളർ കൗണ്ടി ഷെരീഫിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമിത വേഗതയിൽ പോകുകയായിരുന്ന ഒരു കാറിനെ തടഞ്ഞു നിർത്തിയ ഉദ്യോഗസ്ഥനോട് പുടിനും റഷ്യയും കാരണമാണ് താൻ അമിതവേഗത്തിൽ കാർ ഓടിക്കാൻ നിർബന്ധിതനായതെന്ന് വാഹന ഉടമ പറയുന്നു. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്.

യുദ്ധം ആരംഭിച്ച ഫെബ്രുവരി 24നാണ് വീഡിയോ എടുത്തിരിക്കുന്നത്. മണിക്കൂറിൽ 30 മൈൽ മാത്രം വേഗം അനുവദിച്ചിട്ടുള്ള റോഡിലൂടെ 50 മൈൽ സ്പീഡിൽ പോയതിനും ട്രാഫിക്ക് സിഗ്‌നലിൽ വാഹനം നി‌ർത്താതിരുന്നതിനുമാണ് കാർ തടഞ്ഞത്. വാഹനം ഓടിച്ച വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പുടിൻ യുക്രെയിനിൽ യുദ്ധം ആരംഭിച്ചെന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നും അതിന്റെ വിവരങ്ങൾ ടിവി വാർത്തകളിലൂടെ

അറിയുന്നതിന് താൻ വീട്ടിലേക്ക് പോകുകയാണെന്നും ആയിരുന്നും ഡ്രൈവറിന്റെ വിശദീകരണം. തനിക്ക് യുക്രെയിനിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്നും അവർ സുരക്ഷിതരാണോയെന്ന് അറിയണമെന്നും യുദ്ധത്തിന്റെ വിവരങ്ങൾ അറിയാതെ മനസമാധാനമില്ലെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറയുന്നു. ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോയെന്ന് വ്യക്തമല്ല. വീഡിയോയുടെ കുറച്ച് ഭാഗം മാത്രമാണ് സമൂഹമാദ്ധ്യമത്തിൽ ഇട്ടിട്ടുള്ളത്.