
കൊൽക്കത്ത: കല്യാണി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗോകുലം-നെറോക്ക മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. തുടക്കം മുതലേ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ഉണ്ടായിരിന്നു. എന്നിരുന്നാലും കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഗോകുലത്തിനു വേണ്ടി ആദ്യ അവസരം സൃഷ്ടിച്ചത് 11 ആം മിനിട്ടിൽ ജിതിൻ ആയിരിന്നു. പക്ഷെ ജിതിന്റെ ഷോട്ട് നെറോക്ക പ്രതിരോധ നിരക്കാരന്റെ ദേഹത്ത് തട്ടി പുറത്തേക്കു പോവുകയായിരുന്നു. ഗോകുലത്തിന്റെ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചറും സ്ലോവാക്ക്യൻ മുന്നേറ്റനിരതാരം ലൂക്കയും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്‌ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഗോകുലം പരിശീലകൻ വിൻസെൻസോ റൊണാൾഡ് സിങിനെ മാറ്റി ശ്രീകുട്ടനെ ഇറക്കി. രണ്ടാം പകുതിയിലും അവസരങ്ങൾ തുടരെ ഉണ്ടായിട്ടും ഗോൾ മാത്രം പിറന്നില്ല.
ആക്രമിച്ചു കളിച്ച ഗോകുലം താരങ്ങൾ നിരവധി തവണ നെറോക്ക ബോക്സിലേക്ക് പന്ത് എത്തിച്ചെങ്കിലും എതിരാളികളുകളുടെ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. "ഒട്ടനവധി അവസരങ്ങൾ കിട്ടിയിട്ടും നമ്മുക്ക് ഗോൾ നേടുവാൻ കഴിഞ്ഞില്ല. നമ്മുടെ പ്രതിരോധ നിര നല്ലവണ്ണം കളിച്ചു. പക്ഷെ ഗോളുകൾ നേടാതെ മുന്നോട്ടു പോകുവാൻ കഴിയില്ല," ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് മത്സര ശേഷം പറഞ്ഞു.
തിങ്കളാഴ്ച തങ്ങളുടെ അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കാശ്മീർ എഫ് സിയെ നേരിടും. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.