ghhj

കോട്ടയം: പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോഷണം നടത്തുന്നതിനിടയിൽ പിടിയിലായ യുവാക്കൾ നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവഞ്ചൂർ നരിമറ്റം സരസ്വതി വിലാസത്തിൽ അശ്വിൻ (19)​, അമയന്നൂർ വരകുമല കോളനി തേവർവടക്കേതിൽ ശരത്(23)​ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കളത്തിപ്പടി പൊൻപള്ളി റോഡിനോട് ചേർന്നുള്ള കുരിശുംതൊട്ടിയിലെ നേർച്ചപ്പെട്ടി, പള്ളിമുറ്റത്തെ സ്റ്റീൽ നേർച്ചപ്പെട്ടി, ഓഫീസ് മുറി എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ബൈക്കിലെത്തിയ യുവാക്കൾ റോഡരികിലെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചു പണം അപഹരിച്ചു. ശബ്ദം കേട്ട അയൽവാസി സംശയം തോന്നി പ്രദേശവാസികളെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു.

ഇരുനേർച്ചപ്പെട്ടിയിലെയും പണം എടുത്തശേഷം ഓഫീസ് മുറിയുടെ വാതിൽ തുറന്ന് അലമാരയിലെ പണം എടുക്കുന്നതിനിടയിലാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഇതിനിടെ പള്ളിയുടെ പിന്നിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ് എന്നിവർ സ്ഥലത്തെത്തി മോഷ്ടാക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്കും കസ്റ്റഡിയിലെടുത്തു. പൊൻപള്ളിയിലെ മോഷണത്തിനു മുമ്പ് ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള കാണിക്കവഞ്ചി കുത്തിത്തുറന്നും ഇവർ മോഷണം നടത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന ഇറഞ്ഞാൽ ക്ഷേത്രത്തിലെ മോഷണത്തിലും പ്രതികൾക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.