
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും അവിഭാജ്യ ഘടകങ്ങളാണെങ്കിലും ചില സമയങ്ങളിൽ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു. നാളെ ആരംഭിക്കുന്ന ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിൽ നിന്ന് ഇരുവരെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് പേർക്കും പകരം ടീമിൽ എത്തുന്നത് ആരായിരിക്കുമെന്ന കാര്യം രോഹിത് വ്യക്തമാക്കിയില്ല.
പൂജാരയുടേയും രഹാനയുടെയും വിടവ് നികത്തുക അത്ര എളുപ്പമല്ലെന്നും സത്യം പറഞ്ഞാൽ ഇരുവരുടെയും സ്ഥാനങ്ങളിൽ ആരായിരിക്കും കളിക്കാൻ എത്തുകയെന്നത് സംബന്ധിച്ച് തനിക്കും വലിയ ധാരണയില്ലെന്ന് രോഹിത് പറഞ്ഞു. ശുഭ്മാൻ ഗിൽ, ഹനുമാ വിഹാരി, ശ്രേയസ് അയ്യർ എന്നീ താരങ്ങളിൽ ആര് വേണമെങ്കിലും നാളത്തെ മത്സരത്തിൽ കളിക്കാനായി ഇറങ്ങാമെന്നും ഇപ്പോൾ തനിക്ക് വ്യക്തമായ ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും രോഹിത് വ്യക്തമാക്കി.
എന്നാൽ ഇരുവരെയും ദേശീയ ടീം തഴയുകയാണെന്ന വാദത്തോട് രോഹിത് യോജിച്ചില്ല. 89 - 90 ടെസ്റ്റ് മത്സരങ്ങൾ ഇതിനോടകം കളിച്ച രഹാനെയും പൂജാരയും ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ഒട്ടേറെ വർഷങ്ങളുടെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഇരുവരും തങ്ങളുടേതായ സ്ഥാനം ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തമാക്കിയതെന്നും രോഹിത് പറഞ്ഞു.
എന്നാൽ യുവതാരങ്ങൾക്കും അവസരം നൽകുന്നതിന്റെ ഭാഗമായി ചില സമയങ്ങളിൽ ടീം മാനേജ്മെന്റിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും രോഹിത് പറഞ്ഞു. ശ്രീലങ്ക പരമ്പരയിൽ നിന്നും രഹാനെയും പൂജാരയേയും ഒഴിവാക്കിയെന്നത് കൊണ്ട് ഇരുവരെയും പൂർണമായി തഴഞ്ഞുവെന്ന് അർത്ഥമില്ലെന്നും ഇപ്പോഴും രണ്ട് താരങ്ങളും ടീം മാനേജ്മെന്റിന്റെ പദ്ധതികളുടെ ഭാഗമാണെന്നും രോഹിത് സൂചിപ്പിച്ചു.