photos

നെടുമങ്ങാട്: നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒരാൾ ഓടിപോയി.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സർക്കാർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് 7.940 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25), തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ കെ. പി എക്സ്.ഐ/204 നമ്പർ വീട്ടിൽ ലിവിൻ രാജ് (25) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന് വിളിക്കുന്ന അഖിലാണ് (27) രക്ഷപ്പെട്ടത്.

അഖിൽ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം ജില്ലയിൽ പ്രത്യേകിച്ചും നെടുമങ്ങാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും അന്യസംസ്ഥാനത്ത് നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വലുതും ചെറുതുമായി പല അളവുകളിൽ പൊതികളാക്കി 500,1000 രൂപ നിരക്കിലും ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് പാഴ്സലാക്കി കിലോയ്ക്ക് 50,000 രൂപ നിരക്കിലും വില്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്റെയും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ.രാജേഷിന്റെയും നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ നാസറുദ്ദീൻ, പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, അധിൽ, ഷജീർ, വനിതാ സിവിൽ ഓഫീസർ മഞ്ജുഷ, എക്സൈസ് ഡ്രൈവർ റീജു കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.