
ന്യൂഡൽഹി: റഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷമാകണം ഒരുപക്ഷേ ഇത്രത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയിനിൽ പഠിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം പലരും മനസിലാക്കുന്നത്. ഇന്ത്യയിലെ ചുരുങ്ങിയ സീറ്റുകളും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസും വിലങ്ങുതടിയാകുമ്പോൾ മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുത്തിരുന്നത് യുക്രെയിൻ, ചൈന മുതലായ രാജ്യങ്ങളെ ആയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം നീറ്റ് പരീക്ഷ എഴുതുന്നവരിൽ 95 ശതമാനം വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ സാധിക്കാറില്ല. ഇത്തരക്കാർ ഒന്നുകിൽ മറ്റ് കോഴ്സുകൾ ചെയ്യുകയോ അതല്ലെങ്കിൽ റിപീറ്റ് എൻട്രൻസ് കോഴ്സുകൾക്ക് ചേരുകയോ ആണ് പതിവ്. മറ്റൊരു കൂട്ടർ യുക്രെയിൻ, ചൈന മുതലായ രാജ്യങ്ങളിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോകും.
യുക്രെയിനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 18,095 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020ൽ യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ 24 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഇന്ത്യയെ അപേക്ഷിച്ച് യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ മെഡിക്കൽ വിദ്യാഭ്യാസം താരതമ്യേന ചെലവ് കുറവാണെങ്കിലും സ്വകാര്യ മേഖലയിൽ ഇത് ഒരു കോടിക്ക് മുകളിൽ വരെ പോകാൻ സാദ്ധ്യതയുണ്ട്. എന്നാൽ യുക്രെയിനിലെ മുന്തിയ സർവകലാശാലയിൽ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതൽ 20 ലക്ഷം വരെയെങ്കിലും മെഡിക്കൽ ഫീസ് കുറവാണ്. ഇവിടത്തെക്കാളും സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പോരാത്തതിന് പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷ് ആണെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യമാണ്.
എന്നാൽ യുക്രെയിനും ചൈനയും മാത്രമല്ല ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ തയ്യാറാകുന്ന രാജ്യങ്ങൾ. ഇരുപതോളം രാജ്യങ്ങൾ ഇത്തരത്തിൽ ഇന്ത്യക്കാർക്ക് വേണ്ടി സീറ്റുകൾ നീക്കിവച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. അയൽ രാജ്യങ്ങളായ നേപ്പാൾ, ചൈന എന്നിവയെ കൂടാതെ കിർഗിസ്ഥാനിലും കസാഖിസ്ഥാനിലും വരെ ഇന്ത്യൻ വിദ്യാർത്ഥികൾ ഇത്തരത്തിൽ മെഡിക്കൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇതിനെകുറിച്ച് പഠനം നടത്തിയ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കണ്ടെത്തൽ അനുസരിച്ച് ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സിലബസിനോ പഠന രീതികൾക്കോ കോഴ്സിന്റെ കാലാവധിക്കോ പോലും ഒരു തരത്തിലുമുള്ള സാമ്യതയുമില്ല എന്നതാണ്. മിക്ക വിദേശ സർവകലാശാലകളിലും കുറച്ച് നാൾ മുമ്പ് വരെ നാല് വർഷത്തെ കോഴ്സ് കാലാവധി പോലും ഇല്ലായിരുന്നെന്നും എൻ എം സി കണ്ടെത്തിയിരുന്നു. ഇതിന് ശേഷം വിദേശ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്തവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനിവാര്യമായ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാം സർട്ടിഫിക്കറ്റിനുള്ള നിബന്ധനകളിൽ നാലര വർഷത്തെ പഠന കാലാവധി നിർബന്ധമാക്കിയിരുന്നു. ഇതിനു ശേഷം ഫിലിപ്പെയിൻസ്, താഷ്കെന്റ്, അർമേനിയ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകൾ തങ്ങളുടെ കോഴ്സുകളുടെ കാലാവധി നാലര വർഷം ആയി ദീർഘിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സർവകലാശാലകളിൽ പഠിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ്.
കിർഗിസ്ഥാനിലെ മിക്ക സർവകലാശാലകളിലും ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നതെന്നും തദ്ദേശീയരായ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവിടെ വേറെ സർവകലാശാലകൾ ഉണ്ടെന്നും എൻ എം സി അടുത്തിടെ കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ തങ്ങളുടെ വിദ്യാർത്ഥികളെ ഇത്തരം സർവകലാശാലകളിൽ അയയ്ക്കുന്നതിന് മുമ്പായി പഠനരീതികൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസിലാക്കണമെന്നും അധികൃതർ ഉപദേശിക്കുന്നു.
വിദേശ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്തവർ ഇന്ത്യയിൽ എത്തിയാൽ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് ഇവർക്ക് ലൈസൻസ് ലഭിക്കും.
പ്രതിവർഷം 4000ഓളം പരീക്ഷാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നതിന് ഹാജരാകുന്നത്. എന്നാൽ ഇവരിൽ വെറും 700 പേരൊക്കെയാണ് പരമാവധി പരീക്ഷ ജയിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് കരസ്ഥമാക്കുന്നത്.