aswathy
f

കൊച്ചി: തോക്ക് കൊണ്ടുള്ള അടി​, തോക്കുചൂണ്ടി ഭീഷണി​, പൂട്ടിയിടൽ, പട്ടിണി, നിലത്തിട്ട് ചവിട്ടൽ, അവഹേളനം... യുക്രെയിനിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് യുദ്ധഭൂമി​യി​ലെ ഭീകര അനുഭവങ്ങൾ. കൊടുംതണുപ്പി​ൽ ഓടിയും അടിയേറ്റും തളർന്നവരുടെ മുഖത്ത് ദുരിതത്തിന്റെ വേദന നാട്ടിലെത്തിയിട്ടും വിട്ടുമാറിയിരുന്നില്ല.

തൃശൂർ കൈപ്പമംഗലം സ്വദേശിനി അശ്വതി ഷാജി ബന്ധുക്കളെ കണ്ടതും വിങ്ങിപ്പൊട്ടി. കീവ് നാഷണൽ ഏവിയേഷൻ സർവകലാശാലയിലെ ഒന്നാം വർഷ ഏവിയേഷൻ വിദ്യാർത്ഥിനിയായ അശ്വതിയുടെ പുറത്ത് തോക്കി​നുള്ള അടി​യേറ്റ പാട് കരി​നീലച്ച് കി​ടപ്പുണ്ട്.

കീവിൽ നിന്ന് 24ന് അതിർത്തിയിലേക്ക് പോയ അശ്വതി​യെയും കൂട്ടുകാരെയും ഹംഗറിയി​ലേക്ക് കടത്തി​യി​ല്ല. മൂന്ന് മലയാളി​കൾ മാത്രമായി​രുന്നു സംഘത്തി​ൽ. പി​റ്റേന്ന് യുക്രെയി​നി​ലെ ലി​വി​ലേക്ക് മടങ്ങി​. ബസ് ഏർപ്പാടാക്കി​ 26ന് പോളണ്ട് അതി​ർത്തി​യി​ലേക്ക് യാത്ര തി​രി​ച്ചു. കുറേ ദൂരം കഴിഞ്ഞ് 47കിലോമീറ്റർ നടന്ന് 27ന് അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് യുക്രെയിൻ സൈന്യം അശ്വതി​യെയും കൂട്ടുകാരെയും തോക്കുകൊണ്ട് അടിച്ചത്.

പോളണ്ടിലേക്ക് കടക്കാൻ കാത്തു നിന്നത് പതിനൊന്നര മണിക്കൂർ. പോളണ്ട് പ്രവേശന അനുമതിക്കായി അഞ്ചര മണിക്കൂർ പൂട്ടിയിട്ടു.

പുറത്തെത്തി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് ശ്വാസം നേരേ വീണതെന്നും അശ്വതി പറഞ്ഞു. 28 മുതൽ അവരുടെ ഒപ്പമായി​രുന്നു.

സമാനമായ അനുഭവങ്ങളാണ് ഇന്നലെ എത്തിയ വിദ്യാർത്ഥികളിലേറെയും പങ്കുവച്ചത്.

ഡൽഹിയിൽ നിന്നും സർക്കാർ ഒരുക്കിയ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ഒഡേസ, കീവ്, വിനിറ്റ്‌സിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 166 പേരാണ് ആദ്യമെത്തി​യത്. പലരും തളർന്ന് അവശരായിരുന്നു. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ മക്കളെ നേരിൽക്കണ്ട മാതാപിതാക്കൾ അവരെ നെഞ്ചോട് ചേർത്തണച്ചു. പലരും വിങ്ങിപ്പൊട്ടി.

ഇന്നലെ രാവിലെ മുംബായിൽ നിന്ന് 10 വിദ്യാർത്ഥികളും രാത്രി​ പത്ത് മണി​യോടെ ഡൽഹി​യി​ൽ നി​ന്ന് 102 പേരും എത്തി​യി​രുന്നു. ഇന്നലെ മാത്രം 278 പേർ കൊച്ചിയിലി​റങ്ങി​.

ഇവർക്കായി നോർക്ക അധി​കൃതർ ബസുകളും മറ്റ് വാഹനങ്ങളും ഏർപ്പാടാക്കി​യി​രുന്നു.