sandesh-jhingan

ന്യൂഡൽഹി: കേരളാ ബ്‌ളാസ്റ്റേഴ്സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ വിവാദ പരാമർശങ്ങൾക്ക് മുൻ ബ്‌ളാസ്റ്റേഴ്സ് താരവും എ ടി കെ മോഹൻ ബഗാൻ പ്രതിരോധ നിര താരവുമായ സന്ദേശ് ജിംഗന് ശക്തമായ താക്കീത് നൽകി എ ഐ എഫ് എഫ്. സംഭവത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ജിംഗൻ നടത്തിയ ക്ഷമാപണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശിക്ഷ താക്കീതിൽ ഒതുക്കുന്നതെന്നും ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ കനത്ത ശിക്ഷ നൽകുമെന്ന് എ ഐ എഫ് എഫിന്റെ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

കേരള ബ്‌ളാസ്റ്റേഴ്സിനെതിരായ മത്സരത്തിന് ശേഷം തങ്ങൾ കളിച്ചത് പെൺകുട്ടികളോടൊപ്പമാണെന്ന ജിംഗന്റെ പരാമർശമാണ് വിവാദമായത്. ജിംഗന്റെ പരാമർ‌ശം ഇന്ത്യയുടെ വനിതാ ഫുട്ബാൾ താരങ്ങളെ വിലകുറച്ച് കാണുന്ന രീതിയിലാണെന്ന് പറഞ്ഞ് വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേരള ബ്‌ളാസ്റ്റേഴ്സ് ആരാധകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് എ ഐ എഫ് എഫിന്റെ നിലവിലെ നടപടികൾക്ക് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേരള ബ്‌ളാസ്റ്റേഴ്സ് പ്രതിരോധനിര താരം ഖർമൻജ്യോത് ഖബ്രയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കും ഒന്നര ലക്ഷം രൂപ പിഴയും എ ഐ എഫ് എഫിന്റെ അച്ചടക്ക സമിതി ശിക്ഷ വിധിച്ചിരുന്നു. ഹൈദരാബാദ് എഫ് സി താരം സഹിൽ ടവോരയെ ഇടിച്ചു വീഴ്ത്തിയെന്ന കാരണത്താലാണ് ഖബ്രയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. താരതമ്യേന ആഘാതം കുറ‌ഞ്ഞ ചലഞ്ച് ആയിട്ടും ഖബ്രയ്ക്ക് അച്ചടക്ക സമിതി കനത്ത ശിക്ഷ വിധിക്കുകയായിരുന്നു. സസ്പെൻഷനെ തുടർന്ന് ഖബ്രയ്ക്ക് ബ്‌ളാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലുള്ള ഒരു മത്സരത്തിലും ഇനി പങ്കെടുക്കാൻ സാധിക്കില്ല.

അതേസമയം സമാനകുറ്റം ചെയ്ത എ ടി കെ മോഹൻ ബഗാൻ താരം പ്രബീർ ദാസിന് വെറും 50,000 രൂപയുടെ പിഴയാണ് എ ഐ എഫ് എഫ് ചുമത്തിയത്. മത്സരത്തിൽ പ്രബീ‌ർ ദാസിന് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് അടുത്ത മത്സരത്തിൽ വിലക്കുണ്ടായിരുന്നു. താരത്തിന് വേറെ വിലക്കൊന്നും ഏർപ്പെടുത്തേണ്ടതില്ലെന്ന് അച്ചടക്കസമിതി തീരുമാനിക്കുകയായിരുന്നു. കേരള ബ്‌ളാസ്റ്റേഴ്സ് താരങ്ങൾക്ക് കനത്ത ശിക്ഷ നൽകുമ്പോൾ എ ടി കെ താരങ്ങൾക്കെതിരെ എ ഐ എഫ് എഫ് കണ്ണടയ്ക്കുന്നെന്ന ആക്ഷേപം പലപ്പോഴായി ഉയരുന്നുണ്ട്.