ukraine

കീവ്: യുക്രെയിനിൽ തുടർച്ചയായ ഒൻപതാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രെയിനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യയിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ആണവനിലയത്തിൽ തീയും പുകയും കണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞു. യൂറോപിലെ തന്നെ രണ്ടാമത്തെ വലിയ ആണവനിലയമാണ് സപറോഷ്യ. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് സ്കൂളുകളും സ്വകാര്യ കെട്ടിടങ്ങളും തകർന്നു. അതേസമയം കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.


ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്റെ അവകാശവാദം. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. റഷ്യൻ മേജർ ജനറൽ യുക്രെയിനിൽ കൊല്ലപ്പെട്ടെന്നും 2,870 യുക്രെയിൻ സൈനികരെ വധിച്ചെന്നും റഷ്യ അറിയിച്ചു.


ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാർത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭയാർത്ഥികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. ഈ നില തുടർന്നാൽ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എൻ മനുഷ്യാവകാശ കമ്മിഷൻ മുന്നറിയിപ്പു നൽകി.