
കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. തങ്ങളുടെ രാജ്യം വിട്ടുപോകാൻ റഷ്യൻ സൈന്യം തയാറല്ലെങ്കിൽ ഒരുമിച്ചിരുന്ന് ചർച്ചനടത്താമെന്നും, എന്തിനാണ് ഭയക്കുന്നതെന്നും സെലൻസ്‌കി ചോദിച്ചു.
അതേസമയം റഷ്യ - യുക്രെയിൻ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് യുക്രെയിൻ സംഘം അറിയിച്ചു. യുദ്ധം നിർത്തി സൈന്യം പിന്മാറണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ല.
ചർച്ചയിൽ തനിക്ക് വിശ്വാസമില്ലെന്ന് സെലെൻസ്‌കി ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. യുക്രെയിനിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴിയൊരുക്കാൻ രണ്ടാംവട്ട ചർച്ചയിൽ ധാരണയായിട്ടുണ്ട്. അടുത്തയാഴ്ച ബെലൂറാസിൽവച്ച് മൂന്നാംഘട്ട ചർച്ച നടക്കും.
യുദ്ധം തുടരുമെന്ന് പുടിൻ അറിയിച്ചു. അതേസമയം ഖാർക്കീവിൽ 3,000 ഇന്ത്യക്കാരെ യുക്രെയിൻ അധികൃതർ ബന്ദിയാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് ആരോപിച്ചു. ഒൻപതം ദിവസവും യുക്രെയിനിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്.