congress

കണ്ണൂർ: കെ പി സി സി പ്രസിഡന്റിനെയും തന്നെയും തമ്മിൽ തെറ്റിക്കാൻ ചിലർ മനപൂർവം ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഇപ്പോൾ ഒരു പണിയും ഇല്ലാത്ത ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് ചില പാർട്ടി കേന്ദ്രങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

'ഞാൻ ഗ്രൂപ്പുണ്ടാക്കുന്നു എന്ന പ്രചാരണം ഇവർ നടത്തുന്നു. ഇവർക്ക് പാർട്ടിയോട് ഒരു കൂറും ഇല്ല. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് പോയാൽ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീർത്തത് നല്ലതാണ്. പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാർ കത്ത് അയച്ചതിൽ തെറ്റില്ല. പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടും'- സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവും കെ പി സി സി അദ്ധ്യക്ഷൻ സുധാകരനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന. കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നതായും, വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് ആളെ അയച്ച് മിന്നൽ പരിശോധന നടത്തി യോഗം പൊളിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായില്ലെന്ന വിശദീകരണവുമായി നേതാക്കൾ തന്നെ രംഗത്തെത്തുകയായിരുന്നു.

.

സുധാകരനുമായി അനുരഞ്ജനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്റെ ഇപ്പോഴത്തെ നീക്കം. പട്ടിക നീളുന്നതിലെ അപകടം മുൻകൂട്ടി കണ്ടാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ചാണ് ഹൈക്കമാൻഡ് പുനസംഘടന നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കമാൻഡ് നടപടിയിൽ കെ സുധാകരന് കടുത്ത അമർഷമുണ്ട്.

ഇതിൽ പ്രതിഷേധിച്ച് നോക്കുകുത്തിയായി തുടരാനില്ലെന്ന് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. വി.ഡി.സതീശൻ-കെ.സി വേണുഗോപാൽ സഖ്യത്തിൽ പുതിയൊരു വിഭാഗം രൂപം കൊള്ളുന്നുവെന്ന സംശയമാണ് സുധാകരനെ അലോസരപ്പെടുത്തുന്നത്.

അതേസമയം, സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തിൽ പഴയ ഐ ഗ്രൂപ്പു നേതാക്കൾ സുധാകരനൊപ്പം കൂടുതൽ അടുക്കുന്നുണ്ട്. കെ.മുരളീധരനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടുതൽ അടുത്തതും ,സംസ്ഥാനത്ത് പാർട്ടിയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണെന്ന് ചെന്നിത്തല പ്രതികരിച്ചതും

ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. സുധാകരന്റെ നിലപാടിനെ പിന്തുണയ്ക്കും വിധമാണ് കഴിഞ്ഞ ദിവസങ്ങളിലെ മുരളീധരന്റെ നിലപാടുകളും.

ചെന്നിത്തലയും മുരളീധരനും സുധാകരന്റെ നിലപാടുകളോട് യോജിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, ഉമ്മൻചാണ്ടിയുടെ പിന്തുണ നേടാൻ കെ.സി.വേണുഗോപാലുമായി ബന്ധപ്പെട്ട ക്യാമ്പ് ശ്രമിക്കുന്നുവെന്നും കേൾക്കുന്നു. ആരുടെയും അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും, പുനഃസംഘടനയിൽ നിന്ന് പിന്നോട്ടു പോകാനില്ലെന്നുമാണ് സുധാകരന്റെ നിലപാട്.