russia

കീവ്: യുക്രെയിൻ അധിനിവേശത്തിന്റെ ഒൻപതാം ദിവസം യുദ്ധം ജയിക്കാൻ റഷ്യ അറ്റകൈ പ്രയോഗം തന്നെ നടത്തി. യൂറാേപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയിനിലെ സ്പോർഷ്യ അവർ ആക്രമിച്ചു. നിലയത്തിൽ തീ പടർന്ന് കനത്ത നാശം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.ആണവ വികിരണ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ചെർണോബിലിനേക്കാൾ വലിയ ഭീഷണി സ്പോർഷ്യ ഉയർത്തുമോ എന്ന ആശങ്കയിലാണ് ലോകം. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം എന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളിൽ ഒന്നുകൂടിയാണ് സ്പോർഷ്യ. ഇതുതന്നെയാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. ആക്രമണത്തിന്റെ ഫലമായി നിലയം പൊട്ടിത്തെറിച്ചാൽ ചെർണോബ് ദുരത്തെക്കാൾ പത്തിരട്ടി ആഘാതമാവും ഉണ്ടാവുക.

ആറ് ആണവ റിയാക്ടറുകളാണ് സ്പോർഷ്യയിൽ ഉള്ളത്. ഓരോ റിയാക്ടറും 950 മെഗാവാട്ട് ഊർജമാണ് ഉത്പാദിപ്പിക്കുന്നത്. മൊത്തം 5,700 മെഗാവാട്ട് ഊർജമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.2017 ൽ നടത്തിയ പുനർനിർമാണ പ്രവർത്തിന് ശേഷം ആണവനിലയത്തിന് 10 വർഷം കൂടി കാലാവധി നീട്ടികിട്ടി. 2027 ൽ കാലാവധി അവസാനിക്കും.

russia

400 ഹിരോഷിമകൾക്ക് തുല്യം

1986 ലാണ് മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവറിയാക്ടർ ദുരന്തം ചെർണോബിൽ ഉണ്ടായത്. 'നാനൂറു ഹിരോഷിമകൾക്ക് തുല്യം' എന്നാണ് ആ അപകടം വിശേഷിപ്പിക്കപ്പെട്ടത്. പരീക്ഷണവേളയിൽ ശാസ്ത്രജ്ഞരിൽ ആർക്കോ ഉണ്ടായ ചെറിയൊരു കൈയബദ്ധമാണ് ലോകം വിറങ്ങലിച്ച ആ ദുരന്തത്തിന് ഇടയാക്കിയത്. റിയാക്ടറിന്റെ ഉരുക്കു കവചങ്ങൾ പൊട്ടിത്തെറിച്ച് അതി തീവ്ര ശേഷിയുള്ള റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ കലരുകയും റിയാക്ടർ സ്ഥിതി ചെയ്തിരുന്ന പ്രിപ്യാറ്റ് നഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെടുകയും ചെയ്തു. നിലയത്തിലും സമീപത്തുമായി ഉണ്ടായിരുന്ന 31 പേരാണ് തൽസമയം മരിച്ചത്. പടർന്നു പിടിച്ച തീ അണയ്ക്കാൻ എത്തിയ അഗ്നിശമന സേനാംഗങ്ങളായിരുന്നു ദുരന്തത്തിന്റെ ആദ്യ ഇരകൾ. ആണവ വികിരണത്തിന്റെ അപകടത്തെക്കുറിച്ച് വേണ്ടത്ര ബോദ്ധ്യമില്ലാത്ത അവർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അധികം വൈകാതെതന്നെ കാൻസർപോലുള്ള മാകര രോഗങ്ങൾക്ക് അവർ അടിമകളായി.

horse

നിലയത്തിന് കിലോമീറ്ററുകൾ അകലെയുള്ളവരെപ്പോലും ആണവ വികിരണങ്ങൾ ബാധിച്ചു. കാൻസർ ഉൾപ്പടെയുള്ള മാരക രോഗം ബാധിച്ച് പതിനായിരങ്ങളാണ് മരിച്ചുവീണത്. തുടർന്ന് വന്ന തലമുറകളും ഇതിന്റെ ദൂഷ്യവശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും ഇവിടെ കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെയാണ് പിറന്ന് വീഴുന്നത്. അന്ന് ഏകദേശം ആയിരം ചതുരശ്രമൈൽ ചുറ്റളവിൽ കഴിഞ്ഞിരുന്ന മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ആ പ്രദേശത്തുണ്ടായിരുന്ന ഫാമുകളിൽ പിന്നീട് പിറന്നു വീണത് ഗുരുതര ജനിതകപ്രശ്നങ്ങളുള്ള മൃഗങ്ങളാണ്. എട്ടു കാലുള്ള കുതിരക്കുട്ടി, തലയില്ലാത്ത പശുക്കുട്ടി...അങ്ങനെ കണ്ടാൽ പേടിയാവുന്ന തരത്തിലുള്ളവ. റേഡിയേഷന്റെ ആഘാതം കുറക്കാനും ‍ പ്രദേശത്തെ സുരക്ഷിതമാക്കാനും കഴിഞ്ഞ വര്‍ഷം കൂറ്റന്‍ കമാനമാണ് നിര്‍മ്മിച്ചത്. 1.5 ബില്ല്യന്‍ യൂറോ ചിലവഴിച്ചാണ് യൂറോപ്യന്‍ ബാങ്ക് കമാനം നിര്‍മ്മിച്ചത്. നാല്‍പ്പതോളം രാജ്യങ്ങള്‍ ഇതിനായി സഹകരിച്ചിരുന്നു. എങ്കിലും ഇപ്പോഴും നിലയത്തിന് പരിസരത്തെ അന്തരീക്ഷത്തിൽ ആണവ വികിരണതോത് അപകടകരമായ അവസ്ഥയിലാണ്.

ഇന്ന് ടൂറിസ്റ്റ് കേന്ദ്രം

ദുരന്തം നടന്ന ചെർണോബിൽ ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. 2011 -ലാണ് പ്രദേശം ടൂറിസത്തിനായി തുറന്നുകൊടുത്തത്. ഗൈഡിന്റെ നിർദ്ദേശങ്ങൾ കർശനമായി അനുസരിച്ച് സുരക്ഷാവസ്ത്രങ്ങൾ അണിഞ്ഞുമാത്രമേ ഇവിടെ സന്ദർശനത്തിന് അനുമതിയുള്ളൂ.

എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ തലമുറകൾ നീളുന്ന ദുരന്തമായിരിക്കും അനുഭവിക്കേണ്ടിവരിക. ഒരാൾക്ക് ഇവിടെ സന്ദർശിക്കാൻ ഏകദേശം ഇരുപതിനായിരം രൂപയാണ് ചെലവ്. യുദ്ധത്തിന് തൊട്ടുമുമ്പുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇവിടെ എത്തിയിരുന്നു.