priya

ചെന്നൈ കോർപ്പറേഷന്റെ പുതിയ മേയറായി ആർ പ്രിയ ചുമതലയേൽക്കുമ്പോൾ ചരിത്രം കൂടിയാണ് ആ പേരിനൊപ്പം ചേർത്തു വയ്‌ക്കേണ്ടത്. 333 വർഷത്തെ പാരമ്പര്യമുള്ള കോർപ്പറേഷന്റെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ, ആദ്യ ദളിത് മേയർ എന്നീ പദവികൾ ഇരുപത്തിയെട്ടുകാരിയായ പ്രിയക്ക് സ്വന്തമാവുകയാണ്.

മേയർ സ്ഥാനം ദളിത് വനിതയ്‌ക്ക് സംവരണം ചെയ്‌തുകൊണ്ട് തമിഴ്നാട് സർക്കാർ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഉത്തരവിറക്കിയത്. താര ചെറിയാൻ, കാമാക്ഷി ജയരാജൻ എന്നിവർക്ക് ശേഷം ചെന്നൈ കോർപ്പറേഷനിലെ മൂന്നാമത്തെ വനിതാ മേയറാവുകയാണ് പ്രിയ. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വീണ്ടും അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തോടുള്ള തന്റെ താൽപ്പര്യവും അഭിനിവേശവും വർദ്ധിപ്പിച്ചതെന്ന് പ്രിയ പറയുന്നു.

'പുതിയ മുഖ്യമന്ത്രിയ്‌ക്ക് നാട്ടിലാകെ ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാകണമെന്ന് എനിക്കും തോന്നി. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനവും അവരുടെ പ്രശ്ന‌ങ്ങൾ കേട്ട് പരിഹാരം കാണുന്ന ഒരു മേയറും ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. " പ്രിയ പറഞ്ഞു.

വടക്കൻ ചെന്നൈയിലെ മംഗലപുരം 74ാം വാർഡിൽ നിന്നാണ് പ്രിയ ജയിച്ചത്. ചെന്നൈ കോർപ്പറേഷനിൽ കൗൺസിലർ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാർത്ഥികളിൽ ഒരാളാണ് പ്രിയ. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐ എമ്മിലെ പ്രിയദർശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. തേനാംപേട്ട 98ാം വാർഡിൽ നിന്നാണ് പ്രിയദർശിനി വിജയിച്ചത്. എന്നാൽ ചെന്നൈ കോർപ്പറേഷനിൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വടക്കൻ ചെന്നൈയിൽ നിന്നും മേയർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും പ്രിയയാണ്. അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് ഈ പ്രദേശത്ത ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കുടിവെള്ളം മുതൽ വൈദ്യുതി, ശുചിത്വം,​ റോഡ് ഗതാഗതം വരെയുള്ള സൗകര്യങ്ങൾ ഇപ്പോഴും ഇവിടെ കുറവാണ്. ദളിതർ ഏറ്റവും കൂടുതൽ താമസിക്കുന്ന ഇടം എന്നതും ഗുണ്ടകളുടെയിടം എന്നതുമായിരുന്നു എല്ലാകാലത്തും ഈ പ്രദേശത്തിന് ചാർത്തിക്കിട്ടിയ വിലാസം. അതോടെ, വോട്ട് ചൊദിച്ചെത്തുന്നതിൽ മാത്രമായി ഒതുങ്ങി രാഷ്ട്രീയക്കാരും ഇവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധം. അധികാരികളുടെയോ പാർട്ടിക്കാരുടെയോ ശ്രദ്ധ ഒരിക്കലും ഇവിടേക്ക് എത്തിയിരുന്നുമില്ല. രാത്രികാലങ്ങളിൽ മദ്യവും മയക്കുമരുന്നിന്റെയും ഇടമായി തീർന്നു. അടച്ചുറപ്പില്ലാത്ത കൂരകളും കൂലിത്തല്ലുമെല്ലാം സ്ഥിരം കാഴ്ചകൾ. ഇനി അതിനെല്ലാം ഒരു മാറ്റമുണ്ടാകുമെന്നും വടക്കൻ ചെന്നൈയെ അഴിച്ചുപണിയുമെന്ന ഉറപ്പും പുതിയ മേയർ പങ്കുവയ്‌ക്കുന്നു.

priya

രാഷ്ട്രീയം പ്രിയയെ സംബന്ധിച്ച് പെട്ടെന്നുണ്ടായതല്ല,​ കുഞ്ഞുന്നാൾ മുതലേ രക്തത്തിൽ ഉള്ളതാണ്. പക്ഷേ,​ രാഷ്ട്രീയത്തേക്കാളും കൂടുതലായി അവൾ ശ്രദ്ധിച്ചിരുന്നത് പഠനകാര്യത്തിലായിരുന്നു. എം കോം ആണ് വിദ്യാഭ്യാസ യോഗ്യത. മുത്തച്‌ഛൻ ചെങ്കൈ ശിവൻ മുൻ എംഎൽഎയും

അച്‌ഛൻ പെരമ്പൂർ രാജ പാർട്ടി ഏരിയാ സെക്രട്ടറിയുമാണ്. പതിനെട്ട് വയസ് മുതൽ പാർട്ടിയിൽ സജീവ പ്രവർത്തകയാണെങ്കിലും പ്രിയക്ക് കിട്ടുന്ന ആദ്യ ഔദ്യോഗിക പദവി ഇതാണ്.

യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടത് അത്യാവശ്യമാണെന്ന പക്ഷക്കാരിയാണ് അവർ. 'പുതിയ ആശയങ്ങളും പുതിയ ഊർജവും യുവാക്കളിൽ ഉണ്ടാകും. അവർക്ക് കാര്യങ്ങൾ കാണാൻ പുതിയ വഴികൾ ഉണ്ടാകും. ഇത് നാടിന് ആവശ്യമാണ്. അവരുടെ മുൻഗണനകൾ എല്ലായ്‌പ്പോഴും സേവനത്തിലും ജനങ്ങളിലും തന്നെ നിലനിൽക്കുമെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

മേയറായതോടെ പ്രദേശവാസികളെല്ലാം തങ്ങളുടെ പ്രശ്നങ്ങൾ പറയാനായി പ്രിയയ്‌ക്ക് അരികിലേക്കെത്തുകയാണ്. വേനൽക്കാലം കടുക്കുന്നതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നുവെന്നതാണ് ഏറെപ്പേരും പരാതി പറയുന്നത്. ലോറികളിൽ കൊണ്ടു വരുന്ന വെള്ളം കിലോമീറ്ററുകൾ താണ്ടി വേണം തങ്ങളുടെ പ്രദേശത്ത് എത്തിക്കാൻ. അവിടെ വരെ ഓട്ടോയിൽ പോകാൻ തന്നെ വേണം 100 രൂപ. പ്രദേശവാസിയായ അമു പറയുന്നു.

നിരവധി കുഞ്ഞുങ്ങളുള്ള ഈ പ്രദേശത്ത് ഡ്രെയിനേജ് പ്രശ്‌നങ്ങളും രൂക്ഷമാണ്. കൊതുകിന്റെ ശല്യം പകൽ സമയത്ത് പോലും കടുപ്പമാണെന്നും അവർ പരാതി പറയുന്നു. എല്ലാം സശ്രദ്ധം കേട്ട ശേഷം എല്ലാത്തിനും വേണ്ട പരിഹാരം ചെയ്യാമെന്ന് ഓരോരുത്തർക്കും സ്നേഹത്തിൽ ചാലിച്ച ഉറപ്പ് പ്രിയ നൽകുന്നു. ​ കൂട്ടത്തിലൊരാൾ അധികാരത്തിലെത്തുമ്പോൾ തങ്ങളുടെ നാടും വികസിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയയുടെ നാട്ടുകാർ.