
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളിലെ 50% സീറ്റുകളിൽ ഫീസ് കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും ഡീംഡ് സർവകലാശാലകളിലെയും പകുതി സീറ്റുകളിലേക്കുള്ള ഫീസ് അതത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളുടെ ഫീസിന് തുല്യമാക്കണമെന്ന് എൻഎംസി അറിയിച്ചു.
അടുത്ത അദ്ധ്യയന വർഷം മുതൽ ഫീസ് കുറയ്ക്കുന്നത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിന്റെയും ഫീസ് സ്ഥിരീകരണ സമിതി അതാത് മെഡിക്കൽ കോളേജുകളിൽ മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പാക്കേണ്ടി വരുമെന്ന് എൻഎംസി കൂട്ടിച്ചേർത്തു.
സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും ഡീംഡ് സർവകലാശാലകളിലെയും 50% സീറ്റുകളുടെ ഫീസ് സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ സർവകലാശാലയ്ക്ക് തുല്യമാക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഫെബ്രുവരി മൂന്നിന് എൻഎംസി ഓഫീസ് മെമ്മോറാണ്ടം നൽകിയിരുന്നു.
വിദ്യാഭ്യാസം 'ലാഭത്തിന് വേണ്ടിയല്ല' എന്ന തത്വം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അമിതമായ ലാഭഘടകങ്ങൾ ഫീസിൽ ചേർക്കാൻ അനുവദിക്കരുതെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.