money

കൊവിഡ് മഹാമാരി ലോകമാകെയുള‌ള ബിസിനസ് രംഗത്തെ തകിടംമറിച്ചിരിക്കുകയാണ്. പലയിടത്തും പണക്കാരെ പാപ്പരാക്കാൻ പോന്നതായിരുന്നു കൊവിഡിന്റെ പ്രഭാവം. എന്നാൽ 2020-21ൽ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചതായാണ് കണക്കുകൾ പുറത്തുവരുന്നത്. 2022ലെ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകത്ത് വൻ പണക്കാരുടെ എണ്ണത്തിൽ മൂന്നാമതുള‌ള രാജ്യം ഇന്ത്യയാണ്. 30 മില്യണിലധികം ഡോളർ ആസ്‌തിയുള‌ളവരുടെ പട്ടികയിൽ ഇന്ത്യ മുന്നിൽതന്നെയുണ്ട്. 2021ൽ മാത്രം ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത് 11 ശതമാനം കൂടി. അടുത്ത അഞ്ച് വർഷത്തിനിടെ ഇത് 39 ശതമാനമായി ഉയരുമെന്നാണ് നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലുള‌ളത്.

ഈ വർഷം ശതകോടീശ്വരരുടെ സ്വത്ത് 10 ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏറ്റവുമധികം ശതകോടീശ്വരന്മാരുള‌ള നഗരം മുംബയ് തന്നെയാണ്. എന്നാൽ മറ്റ് മെട്രോ നഗരങ്ങളെയെല്ലാം കടത്തിവെട്ടി രണ്ടാം സ്ഥാനത്ത് എത്തിയത് ഹൈദരാബാദാണ്. ബംഗളൂരുവാണ് മൂന്നാം സ്ഥാനത്തുള‌ളത്. ഇതിന് ശേഷമാണ് മഹാനഗരങ്ങളായ ഡൽഹിയും ചെന്നൈയുമുള‌ളത്.ഹൈദരാബാദിൽ 467 പേരുണ്ട്. മൂന്നാമതുള‌ള ബംഗളൂരുവിൽ 352 ആണ്. ശേഷം ഡൽഹി (312) ചെന്നൈ(264) എന്നിങ്ങനെയാണ് സ്ഥാനം.

ബംഗളൂരുവിൽ 2026ഓടെ ധനികരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 665 പേരാകും അന്ന് നഗരത്തിലെ വലിയ പണക്കാർ. ഇത് ഇന്നത്തെ കണക്കിലും 88.9 ശതമാനം കൂടുതലാണ്. ഹൈദരാബാദിൽ ഈ സമയമാകുമ്പോഴേക്കും 728 പേരാകും.

വിവിധ വൻകരകളിലെ കണക്കനുസരിച്ച് ഏഷ്യയിലും ഓസ്‌ട്രലേഷ്യയിലും അടുത്ത നാല് വർഷത്തിനകം 33 ശതമാനം വർദ്ധനയുണ്ടാകും. വടക്കേ അമേരിക്കയിൽ ഇത് 28 ശതമാനവും ലാറ്റിനമേരിക്കയിൽ 26 ശതമാനവും വളർച്ചയുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശതകോടീശ്വരന്മാരിൽ വലിയ വർദ്ധന വന്നത് ഡൽഹിയിലാണ്. 101.2 ശതമാനം. മുംബയിൽ 42.6 ശതമാനവും ബംഗളൂരുവിൽ 22.7 ശതമാനവുമാണിത്.

ശതകോടീശ്വരന്മാർ വർദ്ധിച്ച ഹൈദരാബാദിൽ ഫാർമ ഉടമകളും റിയൽ എസ്‌റ്റേറ്റുകാരുമാണ് വൻ പണക്കാരുടെ പട്ടികയിൽ പെട്ടത്. സ്‌റ്റാർട്ടപ്പുകളുടെ കാര്യത്തിലും കഴിഞ്ഞ വർഷം വലിയ വളർച്ചതന്നെയുണ്ടായി.