g-sudhakaran

കൊച്ചി: മുൻ മന്ത്രി ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ അ‌ഡ്വ. എ ജയശങ്കർ. പാർട്ടിയിൽ പ്രായപരിധി കൊണ്ടുവരുന്നത് താൽപ്പര്യമില്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായിട്ടും പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വി എസ് അച്ച്യുതാനന്ദനടക്കം എത്ര നേതാക്കളുണ്ടായിരുന്നു പിന്നെന്തുകൊണ്ട് ജി സുധാകരന് കഴിയില്ല എന്നും അദ്ദേഹം ചോദിച്ചു.

'ജി സുധാകരന്റെ ആരോഗ്യത്തിനോ ബുദ്ധിക്കോ സംസാരശേഷിക്കോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അദ്ദേഹത്തെ ഒഴിവാക്കിയതുകൊണ്ട് പാർട്ടി സംഘടന കൂടുതൽ ശക്തമാകുമെന്നും തോന്നുന്നില്ല. എന്നാൽ തിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ നേതൃത്വം സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇക്കാരണത്താലാണ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തുടരാൻ താൽപ്പര്യമില്ല എന്ന് കത്ത് നൽകിയത്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ എടുക്കാമെന്ന് പറഞ്ഞിട്ട് പോലും വേണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം' -ജയശങ്കർ പറഞ്ഞു.

സുധാകരനടക്കം 13പേരെയാണ് സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത്. സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായ‌ർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. 89 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുള്ളത്.