
മോസ്‌കോ : യുക്രെയിനിൽ റഷ്യയുടെ ആക്രമണത്തിൽ നേരിട്ട് ഇടപെടാതെ ഉപരോധങ്ങളിലൂടെ മറുപടി നൽകാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ തീരുമാനം. സാമ്പത്തിക ഉപരോധങ്ങളാണ് ഇതിനായി കൂടുതൽ രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യങ്ങളുടെ പാത പിന്തുടർന്ന് വിവിധ അസോസിയേഷനുകളും, എൻ ജി ഒകളും റഷ്യയ്‌ക്കെതിരെ നിസഹരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൂച്ചകളെ സ്‌നേഹിച്ച് വളർത്തുന്നവരുടെ സംഘടനയായ ഫെഡറേഷൻ ഇന്റർനാഷണൽ ഫെലൈനും റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. റഷ്യൻ പൂച്ചകൾക്കാണ് ഈ സംഘടന വിലക്ക് ഏർപ്പെടുത്തിയത്.
മേയ് 31 വരെയാണ് ഫെഡറേഷൻ ഇന്റർനാഷണൽ ഫെലൈൻ റഷ്യൻ പൂച്ചകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ ആക്രമണത്തിൽ നിരവധി നിരപരാധികൾ മരണപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ ഭവനം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നുവെന്നും സംഘടന കുറിപ്പിൽ ആരോപിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം റഷ്യയിൽ വളർത്തുന്ന ഒരു പൂച്ചയെയും മറ്റുരാജ്യങ്ങളിൽ അംഗങ്ങൾക്ക് ഇറക്കുമതി ചെയ്യാനാവില്ല. ഇത്തരം പൂച്ചകളെ തങ്ങളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയുമില്ല. ഇതിന് പുറമേ പ്രദർശനങ്ങളിലും റഷ്യൻ പൂച്ചകൾക്ക് വിലക്കുണ്ട്. അതേസമയം യുക്രേനിയൻ പൂച്ചകളെ വളർത്തുന്നവർക്ക് പ്രോത്സാഹനം നൽകാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബഡ്ജറ്റിന്റെ ഒരു ഭാഗം നീക്കിവയ്ക്കും.
ഫെബ്രുവരി 24നാണ് യുക്രെയിനിൽ റഷ്യ സൈനിക നടപടികൾ ആരംഭിച്ചത്. രണ്ട് തവണ ഇരു രാജ്യങ്ങളും സമാധാനത്തിനായി ചർച്ച നടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ യുദ്ധം തുടരുകയാണ്.