
'അരിയാഹാരം കഴിക്കുന്നവരാരും ഇത് വിശ്വസിക്കില്ലെന്ന' പഴമൊഴിയിൽ തന്നെയുണ്ട് മലയാളിക്ക് അരിയാഹാരവുമായുള്ള ബന്ധം. എന്നാൽ ഇവിടെ പറയുന്നത് അരിയെ കുറിച്ചോ അത് വെന്തുണ്ടാകുന്ന ചോറിനെ കുറിച്ചോ അല്ല, പകരം അരി വേവുമ്പോൾ ലഭിക്കുന്ന വെള്ളത്തിനെ കുറിച്ചാണ്. കഞ്ഞിവെള്ളം എന്ന പേരിൽ അറിയപ്പെടുന്ന ഈ ജലത്തിന്റെ പോഷക മൂല്യങ്ങൾ വളരെ വലുതാണ്. അതിനാൽ തന്നെ കുടിവെള്ളമായി കഞ്ഞിവെള്ളം മുൻപ് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ മുടിയഴക് വർദ്ധിപ്പിക്കാനുള്ള ഒരു ഒറ്റമൂലികൂടിയാണ് കഞ്ഞിവെള്ളം എന്ന് എത്ര പേർക്ക് അറിയാം. അന്നജം നിറഞ്ഞ കഞ്ഞിവെള്ളം മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് അത്യുത്തമമാണ്.
കഞ്ഞിവെള്ളത്തിൽ ധാരാളം ധാതുക്കളും, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും തിളക്കം വർദ്ധിപ്പിക്കാനും മൃദുത്വം വർദ്ധിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കും. മുടിയെ ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ ഇപ്പോൾ കഞ്ഞിവെള്ളം ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ പുളിപ്പിച്ച കഞ്ഞിവെള്ളം സ്ത്രീകൾ മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. തലമുറകളായി തങ്ങളുടെ മുടിയുടെ ആരോഗ്യ രഹസ്യം ഇതാണന്നാണ് ഇവരുടെ വിശ്വാസം. മുടി സംരക്ഷണത്തിന് കഞ്ഞിവെള്ളത്തിന് കഴിയുമെന്ന പഠന റിപ്പോർട്ട് ഇന്റർനാഷണൽ ജേണൽ ഓഫ് കോസ്‌മെറ്റിക് സയൻസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.