kodiyeri

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. മൂന്നാം വട്ടമാണ് കോടിയേരി ഈ പദവിയിലെത്തുന്നത്. പിണറായി വിജയൻ അഞ്ചുതവണയും വി എസ് അച്യുതാനന്ദൻ മൂന്നുതവണയും സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.

ഇന്ന് കൊച്ചിയിൽ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി കോടിയേരിയെ തിരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപിച്ചത്. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സെക്രട്ടറിയേറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എട്ട് പുതുമുഖങ്ങളും സംസ്ഥാന സമിതിയിൽ 16 പുതുമുഖങ്ങളുമുണ്ട്.

മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, വി.എൻ വാസവൻ, സജി ചെറിയാൻ,കെ.കെ ജയചന്ദ്രൻ, പി.കെ ബിജു, ആനാവൂർ നാഗപ്പൻ എന്നിവർ ആദ്യമായി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി.

എം എം വർഗീസ്‌, എ വി റസൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയത്‌.

മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയിൽ ഇളവുള‌ളത്. മുൻമന്ത്രിമാരായ ജി.സുധാകരൻ, എം.എം മണി, മുതിർന്ന നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, കോലിയക്കോട് കൃഷ്‌ണൻ നായർ എന്നിവരടക്കം 75 വയസ് പിന്നിട്ട പ്രമുഖ നേതാക്കളെയെല്ലാം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്