rahul-gandhi-

ന്യൂ‌ഡൽഹി: രാജ്യത്ത് കോൺഗ്രസിന്റെ സ്ഥിതി ദുർബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് പാർട്ടി. തിരഞ്ഞെടുപ്പുകളിൽ പലതിലും പരാജയം നേരിട്ടതോടെ പാർട്ടിയെ വീണ്ടും ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് നേതാക്കൾ. നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്.

വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായിയായി എത്തുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മുൻ അസോസിയേറ്റ് സുനിൽ കനുഗോലുവാണ്. പ്രശാന്ത് കിഷോറിനൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കൺസൾട്ടൻസി ഗ്രൂപ്പായ ഐപിഎസിയിൽ പ്രവർത്തിച്ചയാളാണ് സുനിൽ കനുഗോലു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കനുഗോലുവിന് ചുമതല നൽകിയ കാര്യം പാർട്ടി വെളിപ്പെടുത്തിയത്. 2023ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹം മേൽനോട്ടം വഹിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കിഷോറിന്റെ അസോസിയേറ്റ് എന്ന നിലയിൽ കനുഗോലു മുമ്പ് ബിജെപി, ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ബംഗാൾ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ഒന്നിലധികം തവണ കിഷോർ പ്രതികരിച്ചതോടെ കൂടിക്കാഴ്ച പരാജയപ്പെട്ട കാര്യം വെളിപ്പെട്ടു. ചർച്ച പരാജയപ്പെട്ടതിന്റെ കാരണം കോൺഗ്രസോ കിഷോറോ വ്യക്തമാക്കിയിട്ടില്ല. കിഷോർ കുറച്ച് മാസങ്ങളായി ഐപിഎസിയിൽ നിന്ന് അകന്ന് നിൽക്കുകയാണ്.