
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന ബ്രാൻഡായ വിദ അവതരിപ്പിക്കാനൊരുങ്ങുന്നു. മുൻ ചെയർമാനായ ബ്രിജ്‌മോഹൻ ലാലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നിന് പുതിയ ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറങ്ങുമെങ്കിലും ഉപഭോക്താക്കളിലേക്ക് എത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.
ചിറ്റൂരിലെ ഹീറോ മോട്ടോകോർപ്പിന്റെ നിർമാണശാലയിലാണ് പുതിയ ബ്രാൻഡിന്റെ നിർമാണം നടക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ വിദ അവതരിപ്പിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാനും സി ഇ ഒയുമായ ഡോ.പവൻ മഞ്ചൽ നൂറ് ദശലക്ഷം ഡോളറിന്റെ ആഗോള സുസ്ഥിര വികസന ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ബി എം എൽ മഞ്ചൽ യൂണിവേഴ്സിറ്റി, ഹീറോ മോട്ടോകോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആഗോള പങ്കാളിത്തം സ്ഥാപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. പതിനായിരത്തിലധികം സംരംഭകരെ പരിസ്ഥിതി, സാമൂഹിക, കോർപ്പറേറ്റ് ഭരണ മേഖലകളിൽ വളർത്തിയെടുക്കുക എന്നതും കമ്പനി ലക്ഷ്യം വയ്ക്കുന്നു.
വിദ എന്നാൽ ജീവൻ എന്നാണർത്ഥമെന്നും ലോകത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുക എന്നതാണ് പുതിയ ബ്രാൻഡ് മുഖ്യമായി ലക്ഷ്യം വയ്ക്കുന്നതെന്നും ബ്രാൻഡ് ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് ഡോ.പവൻ മഞ്ചൽ പറഞ്ഞു. നമ്മുടെ കുട്ടികൾക്കും വരും തലമുറക്കുയ്ക്കുമായി നാം എന്താണോ നിർമിക്കുന്നത് അതിന് ഏറ്റവും അനുയോജ്യമായ പേരാണിതെന്നും മഞ്ചൽ കൂട്ടിച്ചേർത്തു.