iaf

ന്യൂഡൽഹി : യുക്രെയിനിൽ റഷ്യ ആക്രമണം നടത്തിയതിനെ തുടർന്ന് ഓപ്പറേഷൻ ഗംഗ എന്ന പേരിൽ ഇന്ത്യ പൗരൻമാരെ നാട്ടിലെത്തിക്കുകയാണ്. വാണിജ്യ വിമാനങ്ങളെ കൂടാതെ ഒഴിപ്പിക്കലിന്റെ വേഗം കൂട്ടാനായി വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നാല് ഭീമൻ സി17 ഗ്ലോബ്മാസ്റ്റർ ചരക്ക് വിമാനങ്ങളെയാണ് ഇതിനായി വ്യോമസേന നിയോഗിച്ചിരിക്കുന്നത്. യുക്രെയിനിൽ നിന്നും പൗരൻമാരുമായി എത്തുന്ന ഇന്ത്യൻ വിമാനങ്ങൾ പക്ഷേ പാകിസ്ഥാന്റെ വ്യോമാതിർത്തി ഒഴിവാക്കിയാണ് പറക്കുന്നത്. യുക്രെയിനിൽ ഒറ്റപ്പെട്ട എണ്ണൂറ് ഇന്ത്യക്കാരെയാണ് വ്യോമസേന തിരികെ എത്തിച്ചത്.

ഓപ്പറേഷൻ ഗംഗയിൽ പാക് പാത ഒഴിവാക്കിയതിനുള്ള കാരണമായി 'ഇതുപോലുള്ള ഒരു സാഹചര്യത്തിൽ എന്തിനാണ് സൈനിക സഹായം സ്വീകരിക്കുന്നതെന്ന് കരുതി? - ഒരു ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കുന്നതിനാൽ പരമാവധി 25-30 മിനിട്ട് അധികമായി വിമാനങ്ങൾക്ക് സഞ്ചരിക്കേണ്ടി വരും.

എൺപത് ടൺ വരെ ഭാരം വഹിച്ച് കൊണ്ട് പറക്കാൻ കഴിയുന്ന വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ ചരക്ക് വിമാനങ്ങൾ അമേരിക്കയിൽ നിന്നുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യുക്രെയിന് സമാനമായി ഇന്ത്യ മുൻപ് നടത്തിയിട്ടുള്ള ഓപ്പറേഷനുകളുടേയും നട്ടെല്ലായിരുന്നു ഈ വിമാനങ്ങൾ. ഇതിന് പുറമേ ചൈനയുമായുള്ള സംഘർഷം മൂർച്ഛിച്ച അവസരത്തിൽ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കുകളടക്കമുള്ള ആയുധങ്ങൾ എത്തിക്കുവാനും, കൊവിഡ് സാഹചര്യം രൂക്ഷമായപ്പോൾ ഓക്സിജൻ ടാങ്കറുകൾ അതിവേഗം രാജ്യത്ത് വിവിധ ഇടങ്ങളിൽ എത്തിക്കുവാനും ഈ ഭീമൻ വിമാനം സഹായകമായിരുന്നു.