kavach

സെക്കന്ദരാബാദ്: ഒരേപാതയിൽ വരുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതിയായ കവചിന്റെ അവസാന പരീക്ഷണം ഇന്ന് സെക്കന്ദരാബാദിൽ നടക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും എതിർദിശയിൽ നിന്ന് വരുന്ന ട്രെയിനിൽ റെയിൽവേ ബോർഡ് ചെയർമാനും ഏതാനും യാത്രക്കാരുമാണ് പരീക്ഷണ യാത്രയിൽ ഉണ്ടാവുക. സനാഥ്നഗർ-ശങ്കർ പള്ളി സെക്ഷനിലാണ് അശ്വിനി വൈഷ്ണവ് യാത്ര ചെയ്യുന്നത്.

On #NationalSafetyDay.. heading for LIVE testing of Kavach- automatic train protection technology. pic.twitter.com/M76DUBfcux

— Ashwini Vaishnaw (@AshwiniVaishnaw) March 4, 2022

ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനം കൂടിയാണിത്. സിഗ്നലുകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. നിശ്ചിത ദൂരപരിധിയിൽ ഒരേപാതയിൽ രണ്ട് ട്രെയിനുകൾ ഒരേസമയം വന്നാൽ കവച് സംവിധാനം ഉപയോഗിച്ച് ട്രെയിനുകൾ നിശ്ചിത അകലത്തിൽ നിൽക്കും. എസ്ഐഎൽ4 സർട്ടിഫൈഡ് സാങ്കേതിക വിദ്യയാണ് കവചിൽ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം എന്നാണ് പദ്ധതിയുടെ മറ്റൊരു പേര്.പദ്ധതിയിലൂടെ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനും സാധിക്കും. പദ്ധതിയുടെ ആദ്യ പരീക്ഷണം 2016 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇതുവരെ 1098 റൂട്ടുകളിലും 65 ലോക്കോകളിലും കവച് വിന്യസിച്ചിട്ടുണ്ട്.