
പെഷവാർ: പാകിസ്ഥാനിൽ പളളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 30 മരണം. പെഷവാറിലെ കിസ ഖ്വാനി ബസാർ മേഖലയിലെ പളളിയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. വെളളിയാഴ്‌ച പ്രാർത്ഥന നടക്കുന്ന സമയമായതിനാൽ നിരവധി ആളുകൾ ഇവിടെയുണ്ടായിരുന്നു.
പളളിയിൽ കാവൽ നിന്നിരുന്ന പൊലീസുകാർക്ക് നേരെ വെടിയുതിർത്ത ചാവേറുകൾ തുടർന്ന് പളളിയുടെ ഉളളിലേക്ക് പ്രവേശിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. വെടിയേറ്റ ഒരു പൊലീസുകാരൻ മരണമടഞ്ഞതായും ഒരാൾക്ക് ഗുരുതര പരിക്കേറ്റതായുമാണ് വിവരം. ബോംബ് സ്‌ഫോടനത്തിൽ മരിച്ച 30 പേരുടെ മൃതദേഹം ആശുപത്രിയിലുളളതായി ലേഡി റീഡിംഗ് ആശുപത്രിയിലെ മാനേജർ അറിയിച്ചു. 56 പേർക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമികൾ ഏത് സംഘടനയിൽ പെട്ടവരാണെന്നോ ആക്രമണ ഉദ്ദേശ്യമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.