
2011 മുതലാണ് ശബരിമലയിൽ പുണ്യം പൂങ്കാവനം എന്ന പദ്ധതി തുടങ്ങുന്നത്. തീർത്ഥാടകരിൽ ഉത്തരവാദിത്വ ബോധത്തോടെയുള്ള തീർത്ഥാടനം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വനത്തിനുള്ളിൽ വലിച്ചെറിയുന്നത് തടയുക എന്നതായിരുന്നു പുണ്യം പൂങ്കാവനം പദ്ധതിയുടെ ലക്ഷ്യം. നീണ്ട പത്ത് വർഷത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോൾ പുണ്യം പൂങ്കാവനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച മഹത്തായ മാതൃകയായിരുന്നുവെന്ന് പദ്ധതിയുടെ മുഖ്യ ആസൂത്രികനായ പി വിജയൻ ഐ പി എസ് വെളിപ്പെടുത്തുന്നു. മുൻപ് ഓരോ ശബരിമല തീർത്ഥാടന കാലം കഴിയുമ്പോഴും ഏഴ് എട്ട് ആനകളെങ്കിലും ശർക്കര പുരണ്ട പ്ലാസ്റ്റിക്ക് ഭക്ഷിച്ചു ചെരിഞ്ഞു കിടക്കുന്നതായി കാണുമായിരുന്നെന്നും, എന്നാൽ ഇപ്പോൾ അഞ്ച് ആറ് വർഷമായി ഇത്തരം സംഭവങ്ങളില്ലെന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഇത് സാക്ഷ്യപ്പെടുത്തുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ഓരോ ശബരിമല തീർത്ഥാടന കാലം കഴിയുമ്പോഴും ഏഴ് എട്ട് ആനകളെങ്കിലും ശർക്കര പുരണ്ട പ്ലാസ്റ്റിക്ക് ഭക്ഷിച്ചു ചരിഞ്ഞു കിടക്കുന്നതായി കാണാൻ പറ്റും. എന്നാൽ, കഴിഞ്ഞ അഞ്ച് ആറു വർഷങ്ങളായി അത്തരം സംഭവങ്ങൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല.” ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ കൂടിയ പുണ്യം പൂങ്കാവനം വിശകലന യോഗത്തിൽ പറഞ്ഞ വാക്കുകളാണിത്. 2011-ൽ പുണ്യം പൂങ്കാവനം എന്ന പദ്ധതി തുടങ്ങുന്നത് തീർത്ഥാടകാരിൽ ഉത്തരവാദിത്വ ബോധത്തോടെയുള്ള തീർത്ഥാടനം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. അവനവന്റെ ഉള്ളിലെ ദേവസാന്നിധ്യം തേടിയുള്ള തീർത്ഥാടന വേളയിൽ, അയ്യപ്പന്മാരുടെ മാത്രമല്ല, ശബരിമലയിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൂടി, നിരുത്തരവാദപരമായ പെരുമാറ്റം ശബരിമലയെ മലിനമാക്കുക മാത്രമല്ല അവിടുത്തെ അതിതരളമായ, അമൂല്യമായ പ്രകൃതി സമ്പത്തിന്റെ നാശത്തിലേക്ക് കൂടി നയിക്കുന്ന ദാരുണമായ സാഹചര്യത്തിലാണ് ഈ പദ്ധതി അതിന്റെ തുടക്കം കുറിക്കുന്നത്. ഭക്തർ ഉപേക്ഷിച്ചു പോകുന്ന ശർക്കരയും കൽക്കണ്ടവും തേടി മലയിറങ്ങുന്ന വന്യജീവികൾ മരിച്ച നിലയിൽ കാണുകയും പിന്നീട് അവയുടെ വയറ്റിൽ നിന്ന് കിലോ കണക്കിന് പ്ലാസ്റ്റിക്ക് പുറത്തെടുക്കുകയും ചെയ്യുന്നത് അന്ന് നിത്യ സംഭവമായിരുന്നു. പ്രകൃതിയെ ഉള്ളിൽ അറിഞ്ഞുള്ള തീർത്ഥാടനമായ ശബരിമലയിലേക്ക് വരുന്നത് പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും അവയുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്താൽ ഈ തീർത്ഥാടനം പുണ്യത്തിലേക്കല്ല, മറിച്ചു പാപത്തിലേക്കാണ് ഭക്തരെ നയിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ആദ്യ പടി. പത്ത് വർഷത്തിനിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ, ദക്ഷിണേന്ത്യയിലെ ഒരു അമ്പലത്തിന്റെ സന്ദേശം എന്നതിനപ്പുറം പുണ്യം പൂങ്കാവനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച മഹത്തായ മാതൃക എന്നതാണെന്ന് നമ്മൾ തിരിച്ചറിയുന്നു. ഓരോ ദേവാലയവും പ്രകൃതി സംരക്ഷണത്തിന്റെയും ജലം, വായു, ഭൂമി എന്നിവയുടെ പരിപാലനത്തിന്റെയും ഉത്തമ കേന്ദ്രങ്ങളായി മാറുക എന്നത് മനുഷ്യന്റെ ഇന്നത്തെ കാലത്തെ നിലനിൽപ്പിന് അത്യന്താപേക്ഷികമായ ഒരു കാര്യമാണ്. ഈ ലോക വന്യജീവി ദിനത്തിൽ അതാകട്ടെ നമ്മുടെ ഉണ്മയിൽ നിറയുന്ന വെളിച്ചവും.
#WorldWildLifeDay #NatureConservation #PunyamPoonkavanam #Sabarimala #Ayyappan #LifeonEarth #PreservingNature #ConsciousPilgrimage #ResponsiblePilgrimage