ethanol

 2025ഓടെ പെട്രോളിൽ 20% എഥനോൾ ചേർക്കും

കൊച്ചി: പെട്രോളിൽ ചേർക്കേണ്ട എഥനോളിന്റെ സംഭരണം ഉയർത്താൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സംയുക്ത സംഭരണശേഷി 17.8 കോടി ലിറ്ററാണ്. 15 ദിവസത്തെ ഉപയോഗ കാലാവധി (കവറേജ് പിരീഡ്) കണക്കാക്കിയാൽ, 433 കോടി ലിറ്റർ എഥനോൾ നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൈകാര്യം ചെയ്യാനാകും.

2025ഓടെ സംഭരണശേഷി 44.64 കോടി ലിറ്ററിലേക്കും അതുവഴി വാർഷിക ഉപയോഗം 1,060 കോടി ലിറ്ററിലേക്കും ഉയർത്താനാണ് നീക്കം. പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് കഴിഞ്ഞവർഷത്തെ 8.5 ശതമാനത്തിൽ നിന്ന് നടപ്പുവർഷം 10 ശതമാനമാക്കുമെന്ന ലക്ഷ്യം ഈമാസം തന്നെ കാണുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 2025ഓടെ ഇത് 20 ശതമാനമാക്കും. ഈ ലക്ഷ്യം കാണാൻ എണ്ണക്കമ്പനികൾക്ക് പ്രതിവർഷം 1,000 കോടി ലിറ്റർ‌ എഥനോൾ വേണം.

എന്തുകൊണ്ട് എഥനോൾ?

എഥനോളിൽ (ഈഥൈൽ ആൽക്കഹോൾ)​ ഓക്‌സിജൻ കൂടുതലുള്ളതിനാൽ എൻജിനിൽ പെട്രോളിന്റെ ജ്വലനം സുഗമമാവും. വാഹനങ്ങൾ പുറന്തള്ളുന്ന പുക കുറയും. അന്തരീക്ഷ മലിനീകരണവും കുറയും. കരിമ്പ്,​ ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്.

 85% ക്രൂഡോയിലും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ.

 പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമ്പോൾ ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാം; മികച്ച സാമ്പത്തികാശ്വാസവും നേടാം.

 എഥനോൾ ചേർക്കാത്ത പെട്രോളിന് ഒക്‌ടോബർ മുതൽ ലിറ്ററിന് രണ്ടുരൂപ നികുതി ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

$111 കടന്ന് ഇന്ത്യയുടെ

ക്രൂഡ് വാങ്ങൽവില

ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്)​ ബാരലിന് 9.62 ശതമാനം മുന്നേറി 111.99 ഡോളറിലെത്തി. കഴിഞ്ഞവർഷം മാർച്ചിൽ വില 60-65 ഡോളറായിരുന്നു.

നിലവിലെ ക്രൂഡ് വില കണക്കാക്കിയാൽ മാർച്ച് 16നകം പെട്രോൾ,​ ഡീസൽവില ലിറ്ററിന് 15.1 രൂപ വർദ്ധിപ്പിക്കേണ്ട സ്ഥിതിയിലാണ് എണ്ണക്കമ്പനികളുള്ളത്. ലിറ്ററിന് ശരാശരി മൂന്നുരൂപ ലാഭമാർജിൻ കൂടിച്ചേർത്താണിത്.