pant

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റണ്ണെടുത്തു. 45 റണ്ണോടെ രവീന്ദ്ര ജഡേജയും 10 റണ്ണോടെ രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. 97 പന്തിൽ 96 റണ്ണെടുത്ത റിഷഭ് പന്തിന്റെ ആക്രമണ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത്. ഇന്ത്യൻ സാഹചര്യങ്ങളിൽ തിളങ്ങുന്ന ഓപ്പണർ മായങ്ക് അഗർവാളിനെയും (33) ക്യാപ്ടൻ രോഹിത് ശർമ്മയെയും (29) ചെറിയ സ്കോറിന് പുറത്താക്കാൻ ശ്രീലങ്കൻ ബൗളർമാർക്ക് സാധിച്ചെങ്കിലും ബോളിലെ തിളക്കം മാറിയതോടെ അവർക്ക് കളിയിലെ നിയന്ത്രണം നഷ്ടപ്പെട്ടു. അഗർവാളിനെ ലസിത് എംബുൾദെനിയ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിൽ പതിവുപോലെ ഉയർന്നു വന്ന പന്ത് ഹുക്ക് ഷോട്ടിന് കളിക്കാൻ ശ്രമിച്ച രോഹിത് ലക്മലിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. ലഹിരു കുമാരയ്ക്കായിരുന്നു രോഹിതിന്റെ വിക്കറ്റ്.

A brilliant 100-run partnership comes up between @RishabhPant17 & @imjadeja 👏👏

Live - https://t.co/c2vTOXAx1p #INDvSL @Paytm pic.twitter.com/PtBVfUOFoX

— BCCI (@BCCI) March 4, 2022

ചേതേശ്വർ പൂജാര സ്ഥിരം കളിക്കുന്ന മൂന്നാം സ്ഥാനത്ത് എത്തിയ ഹനുമാ വിഹാരി (58) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സമയം എടുത്ത് ക്രീസിൽ ഉറച്ച വിഹാരി മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ പറ്റിയ താരമാണെന്ന് തെളിയിക്കുകയായിരുന്നു. തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ഉറച്ച് നിന്നതോടെ തുടക്കത്തിലെ വിക്കറ്റ് നഷ്ടം ഏൽപ്പിച്ച ആഘാതം ഒരു പരിധി വരെ മറികടക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ ഇന്ത്യൻ സ്കോർ 170ൽ എത്തിയപ്പോൾ 45 റണ്ണെടുത്ത കൊഹ്‌ലിയും 175ൽ വച്ച് വിഹാരിയും പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങി. എന്നാൽ പിറകേ വന്ന പന്തിന്റെ കടന്നാക്രമണം ഇന്ത്യക്ക് തുണയായി. 97 പന്തിൽ ഒൻപത് ബൗണ്ടറിയും നാല് സിക്സറും ഉൾപ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. വിരേന്ദർ സെവാഗിന്റെ പഴയ ഇന്നിംഗ്സുകളെ അനുസ്മരിപ്പിച്ച പന്തിന് എന്നാൽ തന്റെ മികച്ച തുടക്കം സെഞ്ചുറിയിലെത്തിക്കാൻ സാധിച്ചില്ല. ശ്രേയസ് അയ്യർ 27 റൺസെടുത്ത് പുറത്തായി.

അതേസമയം ശ്രീലങ്കൻ ബൗളിംഗിലെ വൈവിധ്യ കുറവ് ഒരുപരിധി വരെ ഇന്ത്യൻ ബാറ്റിംഗിനെ തുണച്ചുവെന്ന് വേണം കരുതാൻ. മൊഹാലിയിലെ സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ശ്രീലങ്ക മൂന്ന് പേസർമാരും ഒരു സ്പിന്നറുമായിട്ടാണ് കളിക്കിറങ്ങിയത്. മറുവശത്ത് ഇന്ത്യയാകട്ടെ മൂന്ന് സ്പിന്നർമാരെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ശ്രീലങ്കയുടെ ഒരേയൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറായ ലസിത് എംബുൾദെനിയ ആകട്ടെ തുടക്കത്തിലെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷം പന്തിന്റെ കടന്നാക്രമണത്തിൽ നിറം മങ്ങിപ്പോകുകയും ചെയ്തു. മായങ്ക് അഗർവാളിന്റെയും വിരാട് കൊഹ്‌ലിയുടെയും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പലപ്പോഴും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയായിരുന്നു എംബുൾദെനിയയുടെ ബൗളിംഗ്.