
വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന കടൈസി വിവസായിയും ധനുഷ് നായകനാവുന്ന മാരനും 11ന് ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും. കാക്കമുട്ടൈ എന്ന ചിത്രത്തിനു ശേഷം എം. മണികണ്ഠൻ രചനയും സംവിധാനവും നിർവഹിച്ച കടൈസി വിവസായി സോണി ലിവിലൂടെയുംകാർത്തിക് നരേൻ സംവിധാനം ചെയ്ത മാരൻ ഡിസ് നി പ്ലസ് ഹോട്സ്റ്റാറിലൂടെയുംപ്രേക്ഷകർക്ക് മുന്നിൽ എത്തും. യോഗിബാബു ആണ് കടൈസി വിവസായിയിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രം നിർമ്മിച്ചതും ഛായാഗ്രഹണം നിർവഹിച്ചതും. സന്തോഷ് നാരായണനും റിച്ചാർഡ് ഹാർവിയും ചേർന്നാണ് സംഗീതസംവിധാനം. ഗാനങ്ങൾ : അറിവ്. എഡിറ്റർ: ബബി. അജിത്കുമാർ. കലാസംവിധാനം: തോട്ടതരണി. ആർട്ടിസ്റ്റ് കൂപ്പെ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ട്രൈബൽ ആർട്സ് പ്രൊഡക്ഷനാണ് കുടൈസി വിവസായിയുടെ നിർമ്മാണം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യുന്ന മാരനിൽ മാളവിക മോഹനാണ് നായിക. കാർത്തിക് നരേൻ തന്നെയാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും.മാദ്ധ്യമ പ്രവർത്തകരുടെ വേഷമാണ് ധനുഷിനും മാളവിക മോഹനും.സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാർ ബാലസുബ്രഹ്മണ്യൻ, മഹേന്ദ്രൻ, അമീർ, പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ.  വിവേകാനന്ദ സന്തോഷംഛായാഗ്രഹണവും ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു.