selensky

കീവ്: കഴിഞ്ഞ ഒരാഴ്ചക്കിടെ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയ്ക്ക് എതിരെ മൂന്ന് കൊലപാതക ശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. റഷ്യയെ യുദ്ധത്തിൽ സഹായിക്കുന്ന വാഗ്നർ ഗ്രീപ്പും ചെച്ചിയൻ സംഘവുമായിരുന്നു ആക്രമണങ്ങൾക്ക് പിന്നിലെന്ന് യുക്രെയിൻ സുരക്ഷാ സേനാ വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ഈ മൂന്ന് ശ്രമങ്ങളെയും യുക്രെയിൻ സുരക്ഷാ വിഭാഗങ്ങൾ തകർത്തതായും യുക്രെയിനിന്റെ ദേശീയ സുരക്ഷ കൗൺസിൽ തലവൻ ഒലക്സി ഡാനിലൊവ് അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

അതേസമയം റഷ്യയുടെ ഫെഡറൽ സെക്യൂരിറ്രി സർവീസിലെ ചില ഉദ്യോഗസ്ഥർ തന്നെയാണ് സെലൻസ്കിയ്ക്കെതിരെ കൊലപാതക ശ്രമത്തിന് സാദ്ധ്യതയുണ്ടെന്ന് യുക്രെയിൻ അധികൃതരെ അറിയിച്ചതെന്നും ഡാനിലൊവ് പറഞ്ഞു. ഈ ഉദ്യോഗസ്ഥർ യുദ്ധത്തിന് എതിരായതിനാലാണ് ഇത്തരത്തിൽ തങ്ങളെ സഹായിച്ചതെന്ന് കരുതുന്നതായും ഡാനിലൊവ് വ്യക്തമാക്കി.

അതേസമയം സെലൻസ്കിയെ ആക്രമിക്കാൻ എത്തിയ വാഗ്നർ സംഘം തങ്ങളുടെ നീക്കങ്ങളെ യുക്രെയിൻ സുരക്ഷാ സംഘം മുൻകൂട്ടി മനസിലാക്കിയതിൽ അത്ഭുതപ്പെട്ടുപോയെന്ന് റഷ്യൻ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. യുക്രെയിൻ സൈന്യം വാഗ്നർ സംഘത്തിന്റെ നീക്കങ്ങളെ മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതൽ എടുത്തതിനാൽ മാത്രമാണ് സെലൻസ്കിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.