
ന്യൂഡൽഹി : യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള മുഴുവൻ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുക്രെയിനിൽ നിന്ന് ഇതുവരെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാളെയോടെ നിലവില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ അതിർത്തികളിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. സ്പെഷ്യൽ ട്രെയിനുകൾക്കായി യുക്രെയിനോട് അഭ്യർത്ഥിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക കണക്കുകളനുസരിച്ച് സുമിയിൽ എഴുനൂറിലേറെ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ട്. 300 പേർ കർഖീവിലും, 900 പേർ പിസോച്ചിനിലും കുടുങ്ങിയിട്ടുണ്ട്. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പൗരന്‍മാരെ തിരികെ രാജ്യത്ത് എത്തിക്കുന്നത് വരെയെങ്കിലും വെടി നിര്‍ത്തലടക്കമുള്ളവ നടപ്പാക്കണമെന്ന് യുക്രെയിന്‍, റഷ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗ മിഷൻ വഴി ഇതുവരെ 48 വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്.സംഘർഷം അവസാനിക്കാതെ രക്ഷാദൗത്യം സുഗമമാകില്ല. യുക്രൈനിൽ ഒരു വിദ്യാർത്ഥിയും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്തെത്താൻ ശ്രമം തുടരുന്നതായും അറിയിച്ചു.