
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് നാലു യുവതികൾ നൽകിയ പരാതികളിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസ് എടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ആണ് യുവതികൾ പരാതി നൽകിയത്. ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുക്കുന്നത്. ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരെ ആണ് പരാതി.
സംഭവത്തിൽ നേരത്തെ പരാതി നൽകാൻ പെൺകുട്ടികൾ രംഗത്തെത്തിയിരുന്നില്ല. സമൂഹമാധ്യമത്തിൽ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഫോൺ വഴിയാണെങ്കിലും പരാതി ലഭിച്ചാൽ അന്വേഷണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേർ പരാതി നൽകിയതും പൊലീസ് കേസെടുത്തതും.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു.തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയിൽ പോയത്. പുറകിൽ താഴെയായാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സമയം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാൽ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താൻ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു